പ്രളയം: കൃഷിനാശം നേരിടാന്‍ വിദഗ്ധ സംഘങ്ങള്‍ക്ക് രൂപം നല്‍കി
മലപ്പുറം: സംസ്ഥാനത്തു പ്രളയത്തെ തുടര്‍ന്നുണ്ടായ കൃഷിനാശം നേരിടുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമുള്‍പ്പെട്ട ജില്ലാതല വിദഗ്ധ സംഘങ്ങള്‍ക്കു രൂപംനല്‍കി. വിള പരിപാലനത്തിനും സംരക്ഷണത്തിനും വിശദമായ രൂപരേഖ തയാറാക്കുന്ന ചുമതലയും ഈ സംഘങ്ങള്‍ക്കുണ്ട്.
കേരള കാര്‍ഷിക സര്‍വകലാശാല, കൃഷി ഗവേഷണ കേന്ദ്രങ്ങള്‍, കൃഷി വകുപ്പ്, മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്. ഈ സംഘങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രളയാനന്തരം മണ്ണിനും പരിസ്ഥിതിക്കും സംഭവിച്ച മാറ്റം, വയനാട് ജില്ലയില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്, തെങ്ങിന്റെ കൂമ്പുചീയല്‍, കുരുമുളകിന്റെ ദ്രുതവാട്ടം, കവുങ്ങിന്റെ മഹാളി, സുഗന്ധവിളകള്‍ക്കുണ്ടാകുന്ന അഴുകല്‍, ഏലത്തിന്റെ മൂടുചീയല്‍, റബ്ബറിന്റെ ഇലകൊഴിച്ചില്‍ തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തും.
പത്തു ദിവസത്തിനകം പഠനംനടത്തി മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്നതിനും വിള സംരക്ഷണത്തിനും വിള പരിപാലനത്തിനുമുള്ള നിര്‍ദേശങ്ങളുള്‍പ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംഘങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതായി കൃഷി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. വെള്ളാനിക്കര ഹോര്‍ട്ടികള്‍ചര്‍ കോളജിലെ അഗ്രോണമി വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി. പ്രമീള (തൃശൂര്‍), പട്ടാമ്പി ആര്‍.എ.ആര്‍.എസിലെ എ.ഡി.ആര്‍ ഡോ. എം.സി നാരായണന്‍കുട്ടി (പാലക്കാട്, മലപ്പുറം), അഗ്രിക്കള്‍ചര്‍ എന്റോമോളജി പ്രൊഫസര്‍ ഡോ. കെ.എം ശ്രീകുമാര്‍ (കോഴിക്കോട്, വയനാട്), വൈറ്റില ആര്‍.ആര്‍.എസ് മേധാവി ഡോ. കെ. ശൈല രാജ് (എറണാകുളം), കുമരകം ആര്‍.എ.ആര്‍.എസ് മേധാവി ഡോ. കെ. ഗീത (ആലപ്പുഴ, കോട്ടയം), പാമ്പാടുംപാറ സി.ആര്‍.എസ് മേധാവി ഡോ. എം. മുരുകന്‍ (ഇടുക്കി) എന്നിവരുടെ നേതൃത്വത്തിലായിരിക്കും സംഘങ്ങള്‍ പ്രവര്‍ത്തിക്കുക.
സംസ്ഥാനത്തു പ്രളയത്തില്‍ മൊത്തം 1368 കോടിയുടെ കൃഷിനാശമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. കൃഷിനാശം വിലയിരുത്താന്‍ കഴിഞ്ഞ മാസം 30ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വിവിധ ജില്ലകളിലെ കൃഷിനാശത്തെക്കുറിച്ചു പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ ഉദ്യോഗസ്ഥ സംഘങ്ങള്‍ക്കു രൂപംനല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."