ആറ് ടി.ഡി.പി രാജ്യസഭാംഗങ്ങളില്‍ നാലുപേരും ബി.ജെ.പിയിലേക്ക്
ന്യൂഡല്‍ഹി: തെലുഗുദേശം പാര്‍ട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിനിപ്പോള്‍ നല്ലകാലമല്ല. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാനായി വിദേശത്ത് പോയിരിക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ആറ് രാജ്യസഭാ എം.പിമാരില്‍ നാലുപേര്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചു. നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്കു പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന് തിരിച്ചടിയുമായി നാല് രാജ്യസഭാംഗങ്ങള്‍ ബി.ജെ.പിയിലേക്ക് പോകുന്നത്.
ടി.ഡി.പി രാജ്യസഭാ അംഗങ്ങളായ ടി.ജി വെങ്കടേഷ്, വൈ.എസ് ചൗധരി, ജി.എം റാവു, സി.എം രമേശ് എന്നിവരാണ് ബി.ജെ.പിയില്‍ പോകുന്നതായി പ്രഖ്യാപിച്ചത്. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിച്ച് ടി.ഡി.പിയില്‍ നിന്ന് രാജിവയ്ക്കുന്നതായും സഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ കത്ത് നല്‍കി.
രമേശ് ആദായ നികുതി വെട്ടിപ്പുകേസിലും മുന്‍കേന്ദ്രമന്ത്രികൂടിയായ വൈ.എസ് ചൗധരി ബാങ്ക് തട്ടിപ്പ് കേസിലും സി.ബി.ഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ രണ്ട് നേതാക്കളുമാണ് ആദ്യം ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍പെടാതിരിക്കാന്‍ മറ്റുരണ്ടുപേരെകൂടി സമ്മര്‍ദ്ദം ചെലുത്തി കൂടെകൂട്ടുകയായിരുന്നുവെന്നാണ് വിവരം. ആറില്‍ നാലുപേര്‍ കൂറുമാറിയാല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല.
മോദിയുടെ നിഷ്‌കളങ്കമായ നേതൃത്വത്തില്‍ നിന്ന് പ്രചോദനവും പ്രോത്സാഹനവും ഉള്‍കൊണ്ടിട്ടാണ് തങ്ങള്‍ ബി.ജെ.പിയില്‍ ചേരുന്നതെന്ന് ഇവര്‍ നല്‍കിയ കത്തില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനായി ഓടിനടന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ശക്തമായ തിരിച്ചടിയാണ് ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് രാജ്യസഭാ എം.പിമാരില്‍ നാലുപേരും പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
അതേസമയം എം.പിമാര്‍ രാജിവച്ചതായ വാര്‍ത്തയോട് , ഇതില്‍ വലിയ കാര്യമില്ലെന്നാണ് ചന്ദ്രബാബു നായിഡു പ്രതികരിച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പിയോട് എതിരിട്ടിരുന്നത്. സംസ്ഥാനത്തിന്റെ താല്‍പര്യം മാനിച്ചായിരുന്നു ഇത്. എന്നാല്‍ ടി.ഡി.പിയെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. നേതാക്കള്‍ പാര്‍ട്ടി മാറുന്നുവെന്ന പ്രതിസന്ധി പുതുമയുള്ളതല്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ലോക്‌സഭയിലെന്നപോലെ രാജ്യസഭയിലും ഭൂരിപക്ഷമുണ്ടാക്കുകയെന്നതാണ് ബി.ജെ.പി ലക്ഷ്യം. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് നിരവധി ബില്ലുകള്‍ പാസാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ഇത്തവണയും അത്തരമൊരു സാഹചര്യമില്ലാതിരിക്കാനുള്ള നീക്കം സജീവമാക്കിയിരിക്കെയാണ് നാല് ടി.ഡി.പി അംഗങ്ങള്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേരുന്നത്. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ബി.ജെ.പി ഇപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി. അവര്‍ക്ക് 71 അംഗങ്ങളുടെ പിന്തുണയാണുണ്ടാകുക.
അതിനിടയില്‍ ടി.ഡി.പിയുടെ മുതിര്‍ന്ന നേതാക്കളും മുന്‍ എം.എല്‍.എമാരും തങ്ങളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ചര്‍ച്ചയെന്ന അഭ്യൂഹവും ഉയര്‍ന്നിട്ടുണ്ട്. മുന്‍ എം.എല്‍.എയും കാപ്പു സമുദായ നേതാവുമായ തോട്ട ത്രിമുര്‍ത്തുലുവിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."