പ്രേമചന്ദ്രന്‍ ജനങ്ങളുടെ സാമാന്യ ബോധത്തെ വെല്ലുവിളിക്കുന്നു: കെ സോമപ്രസാദ് എം.പി
കൊല്ലം: അഞ്ചുവര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ചെറുവിരല്‍ അനക്കാത്ത യു.ഡി.എഫിനെ വെള്ള പൂശി പ്രേമചന്ദ്രന്‍ ജനങ്ങളുടെ സാമാന്യ ബോധത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണെന്ന് കെ സോമപ്രസാദ് എം.പി പ്രസ്താവനയില്‍ പറഞ്ഞു.
ഒരു മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ എന്തെല്ലാമാണെന്ന് വെബസൈറ്റ് പരിശോധിക്കുന്ന ഏതൊരാളിനും മനസിലാക്കാനാവും.
മാനദണ്ഡങ്ങള്‍ക്കനുസൃതമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ ഫാക്കല്‍റ്റികളില്‍ യോഗ്യരായ അദ്ധ്യാപക, അനദ്ധ്യാപക, സാങ്കേതിക വിദഗ്ധര്‍ നിയമിക്കപെട്ടിട്ടുണ്ടോ എന്നെല്ലാം മെഡിക്കല്‍ കൗണ്‍സില്‍ പരിശോധക സംഘം വന്ന് പരിശോധിക്കുന്നതും ന്യൂനതകള്‍ കണ്ടെത്തിയാല്‍ അത് പരിഹരിക്കാന്‍ ആവശ്യപ്പെടുന്നതും അതിനു നിശ്ചിത സമയം അനുവദിക്കുന്നതും കാലങ്ങളായി നടന്നു വരുന്നതാണ്. അത്തരം നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന യാഥാര്‍ഥ്യം പ്രേമചന്ദ്രന്‍ അംഗീകരിക്കുമോയെന്നു സോമപ്രസാദ് ചോദിച്ചു. തന്റെ ലറ്റര്‍ ഹെഡില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ക്കും ലോധാ കമ്മിറ്റിയ്ക്കും കത്തെഴുതിയതുകൊണ്ടാണ് 100 വിദ്യാര്‍ഥികള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എം.ബി.ബിഎസിന് ചേര്‍ന്ന് പഠിയ്ക്കാന്‍ പോകുന്നതെന്ന് പ്രേമചന്ദ്രന് അവകാശപ്പെടാം. പക്ഷേ സ്ഥിരബുദ്ധി നഷ്ടപ്പെടാത്ത നാട്ടുകാര്‍ അത് വിശ്വസിക്കില്ല. സംസ്ഥാന സര്‍ക്കാരിനെ വിശ്വാസമില്ലാത്തത് കൊണ്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിയോ, ചീഫ് സെക്രട്ടറിയോ ഉറപ്പു നല്‍കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടു എന്നാണ് പ്രേമചന്ദ്രന്‍ പറയുന്നത്.
ഇപ്പറഞ്ഞ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമല്ലേ? സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി നടപടിസ്വീകരിച്ചതുകൊണ്ട് മാത്രമാണ് കോളജ് ആരംഭിക്കാന്‍ കഴിയുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും പ്രസ്താവനിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."