വിശദമായ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ നല്‍കണം: ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ ആന്തൂറില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസില്‍ മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. വ്യവസായങ്ങള്‍ക്കും മറ്റും അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കാത്ത നടപടി തെറ്റാണെന്നു ചൂണ്ടിക്കാട്ടിയ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
വ്യക്തികള്‍ നല്‍കുന്ന അപേക്ഷകളില്‍ അധികാരികള്‍ സ്വീകരിക്കുകയോ മടക്കി അയക്കുകയോ ചെയ്യണം. വ്യവസായങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റം അധികാരികളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
മരിച്ചവരെ തിരികെയെത്തിക്കാന്‍ സാധിക്കില്ലെങ്കിലും ജനതക്ക്് ആത്മവിശ്വാസം കിട്ടുന്നതിനു അനുകൂലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. പ്രവാസി വ്യവസായിയുടെ സ്ഥാപനത്തിനു പ്രവര്‍ത്തനാനുമതി നല്‍കാതെ കാലതാമസം വരുത്തിയത് നഗരസഭയുടെ കടുംപിടിത്തമാണ്. അനുമതി നല്‍കുന്നതിനു മനപ്പൂര്‍വം കാലതാമസം വരുത്തിയെന്നു കരുതാന്‍ ന്യായമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇത്തരം നടപടികളിലൂടെ സംരംഭകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം നിലനില്‍ക്കണം. അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം സംസ്ഥാനത്തു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാവുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, നഗരസഭാ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കോടതി കേസെടുത്തത്. സാജന്റെ അപേക്ഷ പരിഗണനയിലിരിക്കേയാണ് ഇയാള്‍ മരിച്ചതെന്നു സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ. കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."