അടിയന്തിര ധനസഹായം: വില്ലേജ് ഓഫിസില്‍ ഹാജരാകണമെന്ന വാര്‍ത്ത തെറ്റെന്ന് കലക്ടര്‍
കാക്കനാട്: അടിയന്തരധനസഹായത്തിന് അര്‍ഹരായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ ധനസഹായം ലഭിക്കാത്തവര്‍ വില്ലേജ് ഓഫിസില്‍ രേഖകള്‍ സഹിതം ഹാജരാകണമെന്നു പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 10 ശതമാനത്തില്‍ താഴെ ആളുകള്‍ക്കേ പണം അക്കൗണ്ടിലെത്താതെയുള്ളൂ.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയതിലെ പിഴവുകള്‍മൂലമാണ് ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പണം ലഭിക്കാത്തത്. അതിനാല്‍ തഹസില്‍ദാര്‍മാര്‍ അയച്ച തുക ബാങ്കുകള്‍ തിരിച്ചയക്കുകയാണ്. പേരിലെ ഇരട്ടിപ്പ് കാരണവും ചില അപേക്ഷകള്‍ വിശദപരിശോധനയ്ക്കായി മാറ്റിയിരുന്നു. കലക്ടറുടെ ഫേസ് ബുക്ക് പേജിലും ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലുമായി ലഭിച്ചിട്ടുള്ള നാലായിരത്തോളം പരാതികളില്‍ 2300 എണ്ണം അനര്‍ഹരെ അടിയന്തരസഹായ ലിസ്റ്റിലുള്‍പ്പെടുത്തിയെന്നുള്ളതാണ്.
ഇവ പുന:പരിശോധനയ്ക്കായി തരംതിരിയ്ക്കുന്നതും കാലതാമസത്തിനു കാരണമായതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ധനസഹായത്തിന് അര്‍ഹരായി പ്രഖ്യാപിച്ച ആരുംതന്നെ ഓഫിസുകള്‍ കയറിയിറങ്ങേണ്ടതില്ല. ഇക്കൂട്ടത്തില്‍ ഇനിയും പണം ലഭിക്കാത്തവരുടെ വീട്ടില്‍ റവന്യൂ ഉദ്യോഗസ്ഥരെത്തി രേഖകള്‍ പരിശോധിക്കുകയും പിഴവു തിരുത്തി ഉടനടി പണം ലഭ്യമാക്കുകയും ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. അന്തിമ പട്ടിക തയ്യാറാക്കുന്നതു സംബന്ധിച്ച് ഇതുവരെ അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതുവരെ ധനസഹായം ലഭിക്കാത്തവരോ ലിസ്റ്റില്‍ ഇടം നേടാത്തവരോ വില്ലേജ് ഓഫിസില്‍ ഹാജരാകേണ്ടതുമില്ല.
ജില്ലയില്‍ 1,68,298 വീടുകളാണ് പ്രളയബാധിതമായി പ്രാരംഭ കണക്കെടുപ്പില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സമയം അനുവദിക്കുമ്പോള്‍ ക്യാംപുകളില്‍നിന്നും ബന്ധുവീടുകളില്‍നിന്നും മറ്റും സ്വന്തം വീട്ടിലേക്കു മടങ്ങുന്നവര്‍ക്ക് ധനസഹായം ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. ഇതൊഴിവാക്കാന്‍ സെപ്റ്റംബര്‍ അഞ്ചാം തീയതി വരെ ശേഖരിച്ചവരുടെ വിവരമനുസരിച്ച് തയ്യാറാക്കിയ പട്ടികയിലുള്ളവര്‍ക്ക് ഉടന്‍ ധനസഹായം നല്‍കാനും ശേഷിക്കുന്നവര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഉത്തരവിട്ടിരുന്നു.
പ്രളയദുരിതബാധിതര്‍ക്ക് അടിയന്തരധനസഹായം അനുവദിച്ചതില്‍ അര്‍ഹരെ വിട്ടുപോയിട്ടുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലോ ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുള്ള ലിങ്കിലോ പരാതിപ്പെടാനും അവസരം നല്‍കി. പരാതികള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് കൈമാറി ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൈക്കൊണ്ട നടപടികള്‍ സുതാര്യമാക്കുന്നതിന് അടിയന്തരധനസഹായം നല്‍കിയതിന്റെ വിശദവിവരം എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ലൃിമസൗഹമാ.ഴീ്.ശില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ധനസഹായവിതരണം സംബന്ധിച്ച വിവരങ്ങള്‍ താലൂക്ക് തലത്തിലും വില്ലേജ് തലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലും വേര്‍തിരിച്ച് നല്‍കിയിട്ടുമുണ്ട്. താലൂക്ക് അടിസ്ഥാനത്തില്‍ പ്രത്യേകമായും ജില്ലാടിസ്ഥാനത്തില്‍ മൊത്തമായും നടത്തിയ വിതരണ വിവരവും ലഭ്യമാണ്.
അര്‍ഹരായവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, റേഷന്‍കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരം തുടങ്ങിയവ താലൂക്ക് അടിസ്ഥാനത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെന്ന് ആക്ഷേപമുള്ളവര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. റവന്യൂ ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."