HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെക്കൂടി ചോദ്യംചെയ്യും
backup
November 12 2020 | 03:11 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ കൂടാതെ രണ്ട് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെകൂടി ചോദ്യംചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറെടുക്കുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സി.എം രവീന്ദ്രന്‍ ആശുപത്രിയിലാണ്. നെഗറ്റീവായതിനുശേഷം രവീന്ദ്രനെ വിളിച്ചുവരുത്തി ചോദ്യംചെയ്തതിന് ശേഷമായിരിക്കും മറ്റു രണ്ടുപേരുടെ ചോദ്യംചെയ്യല്‍. ലൈഫ് പദ്ധതി അടക്കമുള്ളവയുടെ വിവരങ്ങള്‍ ആരായാനാണ് ചോദ്യംചെയ്യുന്നത്. കള്ളക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതല്‍പേര്‍ക്ക് അറിയാമെന്ന് ഇ.ഡി സംശയിക്കുന്നു.
കമ്മിഷന്‍ അടിസ്ഥാനത്തില്‍ ചില കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കിയതിനുപിന്നില്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുണ്ടെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറയുന്നു.
ലൈഫ് മിഷന്റെ മിക്ക പദ്ധതികളെയും സംശയനിഴലില്‍ നിര്‍ത്തുന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ കണ്ടെത്തലുകള്‍. 26 പദ്ധതികള്‍ രണ്ടു കമ്പനികള്‍ക്ക് മാത്രമാണ് ലഭിച്ചത്. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനുമുന്‍പ് ഈ കമ്പനികള്‍ക്ക് ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. സ്വപ്നയുടെ വാട്‌സ്ആപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വഷണത്തിലാണ് ഈ വിവരങ്ങള്‍ ഇ.ഡിക്ക് ലഭിച്ചത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകളില്‍ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തതവരും. വരുംദിവസങ്ങളില്‍ അന്വേഷണം സെക്രട്ടേറിയറ്റിലും തലസ്ഥാനത്തും കേന്ദ്രീകരിക്കും. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഏജന്‍സികള്‍ പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ഘട്ടത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവരുന്ന ആരോപണങ്ങള്‍.
തെരഞ്ഞെടുപ്പിനെ മുന്നില്‍നിന്ന് നയിക്കേണ്ട മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ പ്രതിക്കൂട്ടിലാകുമ്പോള്‍ വിശദീകരിച്ച് കുഴയേണ്ട അവസ്ഥയിലാണ് അണികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."