ഉരുനിര്‍മാണ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ചു
കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി അരക്കോടി രൂപ ചെലവഴിച്ച് പാതിവഴിയിലായ ഉരു നിര്‍മാണ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ പദ്ധതി കരാറെടുത്ത സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് അന്വേഷണ സമിതിയെ നിയോഗിച്ചു. ബേപ്പൂരില്‍ ഉരു ചിതലരിച്ചു നശിക്കുന്ന വാര്‍ത്ത സുപ്രഭാതം റിപോര്‍ട്ട് ചെയ്തിരുന്നു.
സി.എച്ച്.സി ഡയറക്ടര്‍, ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരടങ്ങിയതാണ് സമിതി. എന്നാല്‍ പരിശോധനാ സമിതിയില്‍ ഉരു നിര്‍മാണത്തില്‍ സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ധന്‍ ഇല്ലാത്തത് സമിതിയുടെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുകയാണ്.
ഇതിനിടെ ഉരു നിര്‍മാണവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് മുസിരിസ് പൈതൃക പദ്ധതി കമ്പനിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. മുസിരിസ് പൈതൃക പദ്ധതിയുടെ ആരംഭകാലത്താണ് സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡിസ് എന്ന സ്ഥാപനത്തിന് പരമ്പരാഗത ഉരു നിര്‍മാണത്തിന് കരാര്‍ നല്‍കിയത്.
പദ്ധതി ആസ്ഥാനത്ത് സ്ഥാപിക്കാനുള്ള പൈതൃക ഉരു നിര്‍മിക്കാന്‍ 49.95 ലക്ഷംരൂപ സി.എച്ച്.എസിന് നല്‍കുകയും ചെയ്തു. കരാര്‍ ഉണ്ടാക്കി പത്ത് വര്‍ഷത്തോളമാകുമ്പോള്‍ പാതി മാത്രം നിര്‍മാണം പൂര്‍ത്തീകരിച്ച ഉരു കോഴിക്കോട് ബേപ്പൂരിലെ ചീര്‍പ്പാലത്ത് ചിതലരിച്ച നിലയിലാണ്.
അഞ്ചു വര്‍ഷം മുന്‍പ് തടസപ്പെട്ട ഉരു നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ഉരു നിര്‍മാണ കേന്ദ്രങ്ങളിലൊന്നായ ചീര്‍പ്പാലത്ത് സ്വകാര്യ ഭൂമിയില്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. ജലയാന നിര്‍മാണത്തില്‍ യാതൊരു സാങ്കേതിക പരിജ്ഞാനവുമില്ലാത്ത സി.എച്ച്.സി യെ കരാര്‍ ഏല്‍പ്പിച്ചതില്‍ തുടങ്ങി ഉരുവിന്റെ നിര്‍മാണത്തില്‍ വരെ ക്രമക്കേടുണ്ടായതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
ഉരു നിര്‍മിക്കാനുപയോഗിച്ച മരം ഗുണനിലവാരം കുറഞ്ഞതാണെന്നും ചെമ്പ് , പിച്ചള ആണികള്‍ക്ക് പകരം ഇരുമ്പാണ് ഉപയോഗിച്ചിട്ടുള്ളതെന്നും പരാതിയുണ്ട്.
സംഭവം വാര്‍ത്തയായതിനെ തുടര്‍ന്നാണ് സി.എച്ച്.സി അന്വേഷണത്തിനൊരുങ്ങിയിട്ടുള്ളത്. എന്നാല്‍ അന്വേഷണ തീരുമാനം നേരത്തെ കൈ കൊണ്ടതാണെന്നാണ് അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."