മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേ വാര്‍ഡുകള്‍ ഇപ്പോഴും വിശ്രമത്തില്‍ തന്നെ
വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോടികളുടെ വികസന മുന്നേറ്റമെന്ന് അധികൃതര്‍ നിരന്തരം പ്രഖ്യാപിക്കുമ്പോഴും വികസനമെന്നത് തൊട്ടറിയാനാകാതെ ജനങ്ങള്‍. എല്ലാം മുറപോലെയെന്ന് പാവം ജനം പരിതപിയ്ക്കുമ്പോള്‍ സാങ്കേതിക നൂലാമാലകള്‍ വേര്‍തിരിച്ചെടുക്കാനാകാതെ അധികൃതരും തപ്പുന്നത് ഇരുട്ടില്‍ തന്നെ.
പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരില്ലാത്തതു മൂലം ജനങ്ങള്‍ക്ക് ലഭിക്കേണ്ട മെച്ചപ്പെട്ട സേവനങ്ങള്‍ക്കു നേരിടുന്ന തടസം അവരെ വല്ലാതെ ദുരിതത്തിലാക്കുന്നു.
മൂന്നു സുപ്രധാന തസ്തികകളാണ് ഉദ്യോഗസ്ഥരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. അക്കൗണ്ട്‌സ് ഓഫിസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, മുഖ്യ സെക്യൂരിറ്റി ഓഫിസര്‍ എന്നിവരൊന്നും സംസ്ഥാനത്തെ പ്രധാന ഗവണ്‍മെന്റ് മെഡിയ്ക്കല്‍ കോളജിലില്ല.
ഇതിനു പുറമെയാണു നാലു മാസം മുന്‍പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പേ വാര്‍ഡ് ബ്ലോക്ക് നിത്യനിദ്രയിലായി കിടക്കുന്ന അനാസ്ഥ. ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയ ബ്ലോക്ക് തുറന്നു കൊടുക്കാനായാല്‍ രോഗീ ബാഹുല്യം കൊണ്ടു വീര്‍പ്പു മുട്ടുന്ന മെഡിയ്ക്കല്‍ കോളജിനും നിരവധി രോഗികള്‍ക്കും അത് വലിയൊരാശ്വാസമാകും.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മെഡിയ്ക്കല്‍ കോളജില്‍ നിര്‍മിച്ചത് 42 പേ വാര്‍ഡുകളാണ്.
നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും ആവശ്യമായ ജീവനക്കാരെ നിയമിയ്ക്കാത്തത് പ്രതിസന്ധിയായി. മെഡിക്കല്‍ കോളജ് അധികൃതര്‍ നിരവധി തവണ ഇത് സംബന്ധിച്ച് കത്തിടപാടുകള്‍ നടത്തിയിട്ടും ഒരു മറുപടിയും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
അനുമതി ലഭിച്ചാലുടന്‍ ജീവനക്കാരെ നിയമിച്ച് പേ വാര്‍ഡ് തുറക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."