ഞാനിവിടെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും അനുവദിച്ചു തരാനാവില്ല: മറ്റൊരു സംരംഭം കൂടി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുടക്കിയതായി പരാതി
കണ്ണൂര്‍: പാര്‍ട്ടിയും സര്‍ക്കാരും ഉദ്യോഗസ്ഥരെ പഴിചാരി പ്രവാസിയുടെ ആത്മഹത്യയില്‍ നിന്ന് കൈകഴുകാന്‍ ശ്രമിക്കുമ്പോള്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ പേരില്‍ വീണ്ടും പരാതികള്‍.ഞാനിവിടെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും അനുവദിച്ചു തരാനാവില്ലെന്ന് പറഞ്ഞ് മറ്റൊരു സംരംഭം കൂടി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുടക്കിയതായി പരാതി.
ഞാനിവിടെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും അനുവദിച്ചു തരാനാവില്ല എന്ന രീതിയിലാണ് ടീച്ചര്‍ സംസാരിച്ചതെന്നും പ്രശ്‌നം പരിഹരിക്കാന്‍ സ്ഥലത്തെ പാര്‍ട്ടിക്കാരെ വച്ച് ചര്‍ച്ച നടത്തിയെങ്കിലും എനിക്ക് അഹങ്കാരമാണെന്നായിരുന്നു അവരുടെ പരാതിയെന്നും പരാതിക്കാരിയായ സുഗില ആരോപിക്കുന്നു.
പിരിവായി ചോദിച്ച 10,000 രൂപ കൊടുക്കാത്തതായിരുന്നു പ്രശ്‌നം. നേരത്തെ പൈസ കൊടുത്തിരുന്നുവെന്നും ഇപ്പോ തല്‍കാലം 3000രൂപ കൊടുക്കാമെന്നും പറഞ്ഞു. അത് അവര്‍ക്ക് കൂടുതല്‍ പ്രശ്‌നമായി. ടീച്ചര്‍ പൈസ വാങ്ങുന്നുവെന്ന രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വന്നെന്നും അതിന് കാരണം ഞാനാണെന്നും ആയി ആരോപണം- കണ്ണൂര്‍ വെള്ളിക്കീല്‍ പാര്‍ക്കിലെ ഇക്കോ ടൂറിസം പദ്ധതി ശ്യാമള തകര്‍ത്തെന്ന ആരോപണവുമായെത്തിയ വനിതാ സംരംഭക സുഗില സ്വകാര്യചാനലിനോട് പറഞ്ഞു.
പി,കെ ശ്യാമളക്ക് പ്രവാസിയുടെ മരണത്തില്‍ പങ്കില്ലെന്നായിരുന്നു പാര്‍ട്ടി നേതാക്കളുടെ ആദ്യ വിശദീകരണം.
എന്നാല്‍ നേരത്തെ പാര്‍ട്ടി ഏരിയാകമ്മിറ്റി അംഗങ്ങളും ഇവര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.
ടൂറിസം വകുപ്പിന്റെ ശുപാര്‍ശയും അംഗീകാരവും ലഭിച്ചിട്ടും നഗരസഭ അനുമതി നല്‍കാത്തതിനാല്‍ തന്റെ ഇക്കോ ടൂറിസം പദ്ധതി അവസാനിപ്പിക്കേണ്ടി വന്നതായാണ് കണ്ണൂര്‍ സ്വദേശിനി സുഗില സ്വകാര്യചാനലിനോട് വെളിപ്പെടുത്തിയത്. 2014-ലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ഇവര്‍ ധാരണയാവുന്നത്.
71,000 രൂപ മാസവാടകയ്ക്ക് 3 വര്‍ഷത്തെ കരാറില്‍ ഇതിനായി ഇവര്‍ ഒപ്പിട്ടു. പദ്ധതിയുടെ ഭാഗമായി അന്ന് തുടങ്ങിയ ആറ് കിയോസ്‌കുകള്‍ പക്ഷേ ഇന്ന് പൂട്ടിക്കിടക്കുകയാണ്. കിയോസ്‌കുകള്‍ വാടകക്കെടുക്കാന്‍ ആളുകളെത്തിയെങ്കിലും കെട്ടിടത്തിനും വെള്ളത്തിനും വൈദ്യുതിക്കും നഗരസഭ അനുമതി നല്‍കിയില്ല.
ഇതോടെ ലഭ്യമായ സൗകര്യം വച്ച് സുഗില സംരംഭം ആരംഭിച്ചെങ്കിലും വാടകയ്ക്ക് എത്തിയവരെ പദ്ധതി അനധികൃതമാണെന്ന് കാട്ടി നഗരസഭ തിരിച്ചയച്ചു. ടൂറിസം വകുപ്പിന്റെ ശുപാര്‍ശയുടെ പിന്തുണയില്‍ നഗരസഭയുടെ അനുമതി പ്രതീക്ഷിച്ച് തുടങ്ങിയ ഫുഡ്‌കോര്‍ട്ടും രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നഗരസഭ അടച്ചുപൂട്ടി. അനുമതിക്ക് വേണ്ട രേഖകളെല്ലാം ഹാജരാക്കി പലതവണ പരാതിയുമായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും.
നഗരസഭാ അധ്യക്ഷയായ ടീച്ചറെ കാണണമെന്നായിരുന്നു ഇവര്‍ക്ക് കിട്ടിയ മറുപടി.
തന്നോടുള്ള എതിര്‍പ്പൊഴിവാക്കാന്‍ കഴിഞ്ഞ വര്‍ഷം സംരംഭം നടത്തിപ്പ് അനുമതി സുഗില ഭര്‍ത്താവ് വിനോദിന്റെ പേരിലാക്കിയെങ്കിലും ഇതുവരെ നഗരസഭ ഇതിന് അനുമതി നല്‍കിയിട്ടില്ലെന്നും വാടക നല്‍കാനാകാതെയും വരുമാനം നിലച്ചും വായ്പകളും ചേര്‍ന്ന് അരക്കോടി രൂപയോളമാണ് സുഗിലയുടെ ഇതുവരെയുള്ള നഷ്ടമെന്നും സുഗില പറയുന്നു. അതേസമയം കെട്ടിട്ടങ്ങളും മറ്റുനിര്‍മാണങ്ങള്‍ക്കും നമ്പര്‍ അനുവദിച്ചു നല്‍കേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഇക്കാര്യത്തില്‍ നഗരസഭാ അധ്യക്ഷയായ തനിക്ക് യാതൊരു അധികാരവുമില്ലെന്നും പി.കെ ശ്യാമള ചാനലിനോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."