വ്യവസായിയുടെ ആത്മഹത്യ: നഗരസഭ അധ്യക്ഷ പി.കെ ശ്യാമള രാജിക്ക്..?
കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതിരോധത്തിലായ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിക്കൊരുങ്ങുന്നു.
ഹോട്ടല്‍ വ്യവസായിയുടെ മരണത്തിനുപിന്നാലെ ഉയര്‍ന്ന പുതിയ വിവാദങ്ങളടക്കം അവരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തെ അവര്‍ രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. ഇതിന്റെകൂടി അടിസ്ഥാനത്തില്‍ കണ്ണൂരില്‍ തുടങ്ങിയ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യും. അതേ സമയം പാര്‍ട്ടി പറഞ്ഞാല്‍ രാജിവെക്കുമെന്നും താന്‍ രാജി സന്നദ്ധ അറിയിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും പി.കെ ശ്യാമള മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയും സര്‍ക്കാരും ഉദ്യോഗസ്ഥരെ പഴിചാരി പ്രവാസിയുടെ ആത്മഹത്യയില്‍ നിന്ന് കൈകഴുകാന്‍ ശ്രമിക്കുന്നതിനിടെയാണ് നഗരസഭാ ചെയര്‍പേഴ്സന്റെ പേരില്‍ വീണ്ടും പരാതികള്‍ ഉയര്‍ന്നു വരുന്നത്. ഞാനിവിടെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും അനുവദിച്ചു തരാനാവില്ലെന്ന് പറഞ്ഞ് മറ്റൊരു സംരംഭം കൂടി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ മുടക്കിയതായാണ് പരാതി.
ഞാനിവിടെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും അനുവദിച്ചു തരാനാവില്ല എന്ന രീതിയിലാണ് പി.കെ ശ്യാമള സംസാരിച്ചതെന്നും പ്രശ്നം പരിഹരിക്കാന്‍ സ്ഥലത്തെ പാര്‍ട്ടിക്കാരെ വച്ച് ചര്‍ച്ച നടത്തിയെങ്കിലും എനിക്ക് അഹങ്കാരമാണെന്നായിരുന്നു അവരുടെ പരാതിയെന്നും പരാതിക്കാരിയായ സുഗില ആരോപിക്കുന്നു.
പിരിവായി ചോദിച്ച 10,000 രൂപ കൊടുക്കാത്തതായിരുന്നു പ്രശ്നം. നേരത്തെ പൈസ കൊടുത്തിരുന്നുവെന്നും ഇപ്പോ തല്‍കാലം 3000രൂപ കൊടുക്കാമെന്നും പറഞ്ഞു. അത് അവര്‍ക്ക് കൂടുതല്‍ പ്രശ്നമായി. ടീച്ചര്‍ പൈസ വാങ്ങുന്നുവെന്ന രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വന്നെന്നും അതിന് കാരണം ഞാനാണെന്നും ആയി ആരോപണം- കണ്ണൂര്‍ വെള്ളിക്കീല്‍ പാര്‍ക്കിലെ ഇക്കോ ടൂറിസം പദ്ധതി ശ്യാമള തകര്‍ത്തെന്ന ആരോപണവുമായെത്തിയ വനിതാ സംരംഭക സുഗില രംഗത്തെത്തിയത്.
തന്നോടുള്ള എതിര്‍പ്പൊഴിവാക്കാന്‍ കഴിഞ്ഞ വര്‍ഷം സംരംഭം നടത്തിപ്പ് അനുമതി സുഗില ഭര്‍ത്താവ് വിനോദിന്റെ പേരിലാക്കിയെങ്കിലും ഇതുവരെ നഗരസഭ ഇതിന് അനുമതി നല്‍കിയിട്ടില്ലെന്നും വാടക നല്‍കാനാകാതെയും വരുമാനം നിലച്ചും വായ്പകളും ചേര്‍ന്ന് അരക്കോടി രൂപയോളമാണ് സുഗിലയുടെ ഇതുവരെയുള്ള നഷ്ടമെന്നും സുഗില പറയുന്നു.
ഇവരുടെ പരാതിക്കു പുറമേ നേരത്തെ തന്നെ തളിപ്പറമ്പ് പാര്‍ട്ടി ഏരിയാകമ്മിറ്റിയിലും പി.കെ ശ്യാമളക്കെതിരേ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നിരുന്നത്. യോഗത്തില്‍ പി.കെ ശ്യാമള വികാരാധീനയായാണ് സംസാരിച്ചത്. എന്തായാലും ആരോപണങ്ങളുടെ മുന പി.കെ ശ്യാമളക്കുനേരെയായതിനാല്‍ രാജിയില്‍ തന്നെയേ അവസാനിക്കൂ എന്നുതന്നെയാണ് വിലയരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."