കാവേരി സെല്‍ പൂട്ടിയതില്‍ ദുരൂഹത: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: ഡല്‍ഹി കേരള ഹൗസിലെ കാവേരി സെല്‍ നിര്‍ത്തലാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍, ഇക്കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. അന്തര്‍സംസ്ഥാന നദീജല പ്രശ്‌നങ്ങളിലുള്ള ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സാങ്കേതികവിദഗ്ധരുടെ മെച്ചപ്പെട്ട പിന്തുണ ലഭ്യമാക്കാനും പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് എമ്മും, ഒ. രാജഗോപാലും ഇറങ്ങിപ്പോക്കില്‍ പങ്കുചേര്‍ന്നു. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ സംസ്ഥാനത്തെ സഹായിക്കാനാണ് കേരള ഹൗസില്‍ കാവേരിസെല്‍ 1995ല്‍ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഹായത്തിനും സാങ്കേതിക സഹായത്തിനും രണ്ടു വിഭാഗമാണുള്ളത്. ഇതില്‍ സാങ്കേതിക വിഭാഗമാണ് നിര്‍ത്തലാക്കുന്നത്. ഇതിനുപകരമായി സെക്രട്ടേറിയറ്റിലെ നിയമവകുപ്പില്‍ പ്രത്യേക നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. കൂടാതെ മുന്‍ ജലവിഭവ അഡിഷനല്‍ ചീഫ് സെക്രട്ടറി വി.ജെ കുര്യന്റെ അധ്യക്ഷതയില്‍ സാങ്കേതികവിദഗ്ധര്‍ അടങ്ങുന്ന സമിതിയും രൂപീകരിച്ചിട്ടുണ്ട്. തിരുവന്തപുരത്ത് സെല്ലിന് നിയമോപദേശങ്ങള്‍ നേടുന്നത് കൂടുതല്‍ സഹായം ലഭിക്കും. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടാനും നിയമസെക്രട്ടറിയുമായി ആലോചിക്കാനും സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."