വാങ്ങുന്ന വൈദ്യുതിക്ക് വന്‍ വിലക്കയറ്റം; ബദല്‍ മാര്‍ഗം തേടി കേരളം
തൊടുപുഴ: ക്ഷാമം രൂക്ഷമായതോടെ ഉയര്‍ന്ന വിലയ്ക്കു വൈദ്യുതി വാങ്ങാന്‍ തമിഴ്‌നാട് രംഗത്തിറങ്ങിയത് പവര്‍ എക്‌സ്‌ചേഞ്ചില്‍ വില കുത്തനെ ഉയര്‍ത്തി. പ്രതിദിനം ശരാശരി 200- 300 മെഗാവാട്ട് വൈദ്യുതി കമ്മി നേരിടുന്ന കേരളത്തിന് ഇതു കനത്ത തിരിച്ചടിയായി.
വിലകൂടിയതോടെ പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി പരമാവധി ഒഴിവാക്കി കേന്ദ്ര പൂളില്‍ നിന്നു കൂടുതല്‍ ലഭ്യമാക്കാനാണു കേരളം ശ്രമിക്കുന്നത്. ഇതുകൂടാതെ ഹ്രസ്വകാല കരാര്‍ പ്രകാരം പീക്ക് ലോഡ് സമയങ്ങളില്‍ 200 മെഗാവാട്ട് വൈദ്യുതി മറ്റിടങ്ങളില്‍ നിന്നു വാങ്ങാനുള്ള ശ്രമവും കെ.എസ്.ഇ.ബി നടത്തുന്നുണ്ട്. ഇതാകുമ്പോള്‍ യൂനിറ്റിന് 3.75 - 4.25 നിരക്കില്‍ ലഭിക്കും.
കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതി കുറഞ്ഞതും കൂടംകുളം വൈദ്യുതി പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിയാത്തതുമാണ് തമിഴ്‌നാട്ടില്‍ ഊര്‍ജ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. പീക്ക് ലോഡ് സമയം യൂനിറ്റിന് 12 രൂപ വരെ നല്‍കി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ തമിഴ്‌നാട് തയാറാണ്.
ആവശ്യം കൂടുതലായതിനാല്‍ കഴിഞ്ഞ ദിവസം ചെറിയ നിലയിലാണെങ്കിലും യൂനിറ്റിന് 9.50 രൂപയ്ക്കു മുകളില്‍ വില നല്‍കി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നു കേരളത്തിനു വൈദ്യുതി വാങ്ങേണ്ടിവന്നിരുന്നു.
രാജ്യത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് തമിഴ്‌നാടിന്. കേരളത്തിന്റെ നാലിരട്ടിയിലധികമാണു തമിഴ്‌നാടിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം. 292.162 ദശലക്ഷം യൂനിറ്റായിരുന്നു തമിഴ്‌നാടിന്റെ ഇന്നലത്തെ ഉപഭോഗം. എന്നാല്‍ കേരളത്തിന്റെ ഇന്നലത്തെ ഉപഭോഗം 70.087 ദശലക്ഷം യൂനിറ്റായിരുന്നു.
എന്നാല്‍ ജലവൈദ്യുതി ഉല്‍പാദനശേഷിയില്‍ തമിഴ്‌നാട് ഏറെ പിന്നിലാണ്. താപ വൈദ്യുതി, കാറ്റാടിപ്പാടം, സൗരോര്‍ജം എന്നിവയെയാണു തമിഴ്‌നാട് ആശ്രയിക്കുന്നത്.
5,500 മെഗാവാട്ടാണ് തമിഴ്‌നാടിന്റെ കാറ്റാടിപ്പാടങ്ങളുടെ ശേഷി. അപ്രതീക്ഷിതമായി കാറ്റ് 60 ശതമാനത്തിലധികം കുറഞ്ഞതാണു പ്രശ്‌നമായത്. 2,000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം താപ വൈദ്യുതി നിലയത്തില്‍ നിന്നു 1,153 മെഗാവാട്ടും തമിഴ്‌നാടിനുള്ളതാണ്. ഇതില്‍ 13 ശതമാനം കേരളത്തിന്റെ വിഹിതമാണ്, 260 മെഗാവാട്ട്. എന്നാല്‍ 163 മെഗാവാട്ട് മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ.
പ്രളയത്തില്‍ തകരാറിലായ പന്നിയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് അടക്കമുള്ള നിലയങ്ങളിലെ ഉല്‍പാദനം നീളുന്ന സാഹചര്യമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. 270 മെഗാവാട്ട് വൈദ്യുതി ഇങ്ങനെ കുറവു വന്നിട്ടുണ്ട്. 180 മെഗാവാട്ടിന്റെ ലോവര്‍ പെരിയാര്‍ പദ്ധതിയില്‍ അടുത്ത ദിവസം തന്നെ ഉല്‍പാദനം പുനരാരംഭിക്കാനാകുമെന്നാണു വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ. പന്നിയാര്‍ നിലയം പ്രവര്‍ത്തിക്കണമെങ്കില്‍ മാസങ്ങളുടെ കാത്തിരിപ്പു വേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."