പ്രളയബാധിതര്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ നഗരസഭാ കൗണ്‍സിലര്‍മാരും ബന്ധുക്കളും കൊള്ളയടിച്ചു
പാലക്കാട് : പ്രളയബാധിതര്‍ക്ക് നല്‍കാനായി കൊണ്ടു വന്ന ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കള്‍ നഗരസഭയിലെ ചില കൗണ്‍സിലര്‍മാരും ബന്ധുക്കളും ചേര്‍ന്ന് പട്ടാപ്പകല്‍ വാഹനങ്ങളില്‍ കടത്തിക്കൊണ്ടുപോയി. ഒഴിവുദിനമായ ഇന്നലെ ഉച്ചയോടെയാണ് ചില കൗണ്‍സിലര്‍മാരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് നഗരസഭയില്‍ നിന്ന് സാധനങ്ങള്‍ കടത്തിയത്.
കൗണ്‍സിലര്‍മാരും അവര്‍ക്ക് വേണ്ടപ്പെട്ടവരും സാധനങ്ങള്‍ കടത്തുന്നത് അറിഞ്ഞ് ചില മാധ്യമപ്രവര്‍ത്തകരും മറ്റും രംഗത്തെത്തിയതോടെ ചില കൗണ്‍സിലര്‍മാര്‍ തങ്ങളുടെ സ്വകാര്യ വാഹനത്തില്‍ കയറ്റിയ സാധനങ്ങള്‍ തിരിച്ചിറക്കി. നഗരസഭയിലെ എട്ടോളം കൗണ്‍സിലര്‍മാരും അവര്‍ക്ക് വേണ്ടപ്പെട്ടവരുമാണ് ഇന്നലെ സാധനങ്ങള്‍ കൊണ്ടുപോയത്. പ്രളയബാധിതര്‍ക്ക് നല്‍കുന്നതിന് വേണ്ടി തമിഴ്‌നാട്ടില്‍ നിന്നും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും സമാഹരിച്ച് കഞ്ചിക്കോട്ടെ അപ്നാഘറില്‍ സൂക്ഷിച്ചിരുന്ന അവശ്യവസ്തുക്കള്‍ നഗരസഭയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി നഗരസഭയില്‍ എത്തിച്ചിരുന്നു. സൂക്ഷിച്ചു വെച്ചാല്‍ കേടാവുന്ന ബ്രെഡ്, ബിസ്‌ക്കറ്റ്, തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഉള്ളി തുടങ്ങിയ പച്ചക്കറികളും പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ പ്രളയബാധിതമല്ലാത്ത വാര്‍ഡുകളിലേക്ക് കൂടി ഇന്നലെ സാധനങ്ങള്‍ കടത്തി.
എന്തൊക്കെ വസ്തുക്കള്‍ എത്ര കുടുംബങ്ങളിലേക്ക് വിതരണം ചെയ്യുന്നു എന്നതിന് കണക്കുകളും ഇല്ലായിരുന്നു. ഭക്ഷ്യ വസ്തുക്കള്‍ നല്‍കാനാണ് നിര്‍ദ്ദേശമുണ്ടായിരുന്നതെങ്കിലും നിരവധി അരിചാക്കുകള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍. സോപ്പ്, പുതപ്പ് തുടങ്ങിയ വസ്തുക്കളാണ് ഇന്നലെ കടത്തി കൊണ്ടു പോയത്. നഗരസഭയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ വീതിച്ചു നല്‍കിയത്.
ഒരു ഭാഗത്ത് നിന്ന് സാധനങ്ങള്‍ വീതിച്ചു നല്‍കുമ്പോള്‍ മറ്റൊരു ഭാഗത്ത് നിന്ന് അരിയും മറ്റും ഓട്ടോറിക്ഷകളിലേക്കും മറ്റും കയറ്റി തുടങ്ങിയിരുന്നു. ഞങ്ങള്‍ക്ക് സാരി കിട്ടിയില്ല, പുതപ്പ് കിട്ടിയില്ല എന്ന് പറഞ്ഞ് കൊണ്ട് വന്നവരില്‍ ചിലര്‍ പാക്കറ്റുകള്‍ അഴിച്ചു നോക്കുകയും പലതും എടുത്തു കൊണ്ടുപോകുകയും ചെയ്തു. ഒരു കൗണ്‍സിലര്‍ വീട്ടിലുള്ളവരേയും കൂട്ടിവന്ന് സ്വന്തം ഓംനി വാനിലാണ് സാനധനങ്ങള്‍ കയറ്റിയത്. എന്നാല്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ ഇവര്‍ സാധനങ്ങള്‍ തിരിച്ചിറക്കി. മറ്റൊരു കൗണ്‍സിലര്‍ ഒരു ഓട്ടോറിക്ഷ നിറയെ വാര്‍ഡിലേക്കെന്ന് പറഞ്ഞ് കുറെ സാധനങ്ങള്‍ കയറ്റി വിട്ടു. എന്നാല്‍ സംഭവം വിവാദമായതോടെ ഒതുക്കി തീര്‍ക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
കൗണ്‍സിലര്‍മാര്‍ നല്‍കിയ കത്ത് പ്രകാരം പ്രളയബാധിത പ്രദേശങ്ങളിലേക്ക് നല്‍കാനാണ് സാധനങ്ങള്‍ നല്‍കിയതെന്നാണ് ഇതിന് നേത്യത്വം നല്‍കിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വിശദീകരണം. കൗണ്‍സിലര്‍മാര്‍ക്ക് വിതരണത്തിനായി സാധനങ്ങള്‍ നല്‍കിയിരുന്നുവെന്നും അവര്‍ അത് സ്വന്തം വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോയ കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും സാധനങ്ങള്‍ അതാത് വാര്‍ഡുകളില്‍ കൈപ്പറ്റിയവരുടെ ലിസ്റ്റ് ശേഖരിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ സി ക്യഷ്ണകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."