എത്യോപ്യയില്‍ അട്ടിമറി ശ്രമം: സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റ് സൈനിക മേധാവി കൊല്ലപ്പെട്ടു
അഡിസ് അബാബ: ഭരണ അട്ടിമറി ശ്രമത്തിനിടെ, സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റ് എത്യോപ്യന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു. വടക്കന്‍ സംസ്ഥാനമായ അംഹാരയുടെ പ്രസിഡന്റും കൊല്ലപ്പെട്ടു. അംഹാര അട്ടിമറിക്കാനുള്ള ഒരു ജനറലിന്റെ ശ്രമത്തിനിടെയാണ് സംഭവം.
അംഹാര സ്‌റ്റേറ്റ് പ്രസിഡന്റ് അംബാച്യു മെകനന്‍, അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് എന്നിവര്‍ ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. അറ്റോര്‍ണി ജനറലിന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രിയുണ്ടായ മറ്റൊരു ആക്രമണത്തിലാണ് എത്യോപ്യന്‍ സൈനിക മേധാവിയായ സീര്‍ മെകനനും മറ്റൊരു റിട്ടയേര്‍ഡ് ജനറലും കൊല്ലപ്പെട്ടത്. സ്വന്തം അംഗരക്ഷകര്‍ ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നു.
അംഹാര സ്റ്റേറ്റ് സുരക്ഷാ മേധാവി ജനറല്‍ അസാംന്യു സിഗെയാണ് അട്ടിമറി ശ്രമം നടത്തിയതെന്ന് പ്രധാനമന്ത്രി അബി അഹമ്മദിന്റെ ഓഫിസില്‍ നിന്ന് അറിയിച്ചു. അദ്ദേഹത്തെപ്പറ്റിയുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സമാനമായ അട്ടിമറി ശ്രമം നടത്തിയ സംഭവത്തില്‍ ഇയാള്‍ ജയിലിലായിരുന്നു. കഴിഞ്ഞവര്‍ഷമാണ് ജയില്‍ മോചിതനായത്.
ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ എത്യോപ്യയില്‍ ഒരു വര്‍ഷം മുന്‍പാണ് അബി അഹമ്മദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുന്നത്. അതിനു ശേഷം കാര്യമായ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ആഫ്രിക്കയിലെ വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് എത്യോപ്യയിലേത്. നിരവധി മലയാളികളും ഇവിടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."