ഹയര്‍സെക്കന്‍ഡറി മേഖലയില്‍ പഠനം താളംതെറ്റുന്നു
മങ്കട: സ്ഥലംമാറ്റ ഉത്തരവു മൂലം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠനം കടുത്ത പ്രതിന്ധിയില്‍. വിദ്യാഭ്യാസവകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച ഉത്തരവു മൂലമാണ് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠനരംഗത്ത് ഗുരുതര പ്രതിസന്ധി നേരിടുന്നത്. പലയിടത്തും അധ്യാപകരെത്താത്തതും ചിലയിടങ്ങളില്‍ ഒരേവിഷയത്തിന് ഒന്നിലധികം അധ്യാപകര്‍ ജോലിക്കെത്തിയതുമായ സാഹചര്യമാണുള്ളത്. സ്ഥലംമാറ്റ ഉത്തരവു മറികടക്കാന്‍ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ട്രൈബ്യൂണലിനെ സമീപിച്ച അധ്യാപകരുടെ ഹരജി തള്ളിയിട്ടും ജോലിക്ക് ഹാജരാവാത്തതാണു സ്‌കൂളുകളില്‍ അധ്യയനപ്രതിസന്ധിക്കു കാരണം. അധ്യാപകരില്ലാതെ പ്രതിസന്ധിയിലായ സ്‌കൂളുകളില്‍ താല്‍ക്കാലിക ദിവസവേതന നിയമനം പരിഗണിക്കാനാവാത്തതു പ്രശ്‌നം സങ്കീര്‍ണമാക്കുകയാണ്.
ട്രാന്‍സ്ഫര്‍ ഉത്തരവു ലഭിച്ച ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ജൂണ്‍ ഒന്നിനാണു മാറ്റം ലഭിച്ച സ്‌കൂളുകളില്‍ ഹാജരാവേണ്ടിയിരുന്നത്. ഉത്തരവു കൈപ്പറ്റി മിക്ക അധ്യാപകരും ബന്ധപ്പെട്ട സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിച്ചു. അതേസമയം വിടുതല്‍ ഉത്തരവു കൈപ്പറ്റിയ ചിലര്‍ അസൗകര്യം നിമിത്തം രണ്ടു മാസമായി മാറ്റം ലഭിച്ച സ്‌കൂളില്‍ ഹാജരായില്ല. ഇവര്‍ പഴയ സ്‌കൂളുകളില്‍ തന്നെ തുടരുകയാണ്. അസൗകര്യം കാണിച്ചു ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു ഇവര്‍. മാറ്റം ലഭിച്ച സ്‌കൂളിലേക്കു പോകാനുള്ള അസൗകര്യം ചൂണ്ടിക്കാട്ടിയാണ് തനിച്ചും സംഘടിതമായും ട്രൈബ്യൂണലിനെ സമീപിച്ചത്. അനുകൂല വിധി സമ്പാദിച്ചവര്‍ ജോലിയില്‍ പ്രവേശിച്ചു. ചില അധ്യാപകരുടെ പരാതി ന്യായമല്ലെന്നു കണ്ടു ട്രൈബ്യൂണല്‍ തള്ളിയിരുന്നു. എന്നിട്ടും ഇവര്‍ പഴയ സ്‌കൂളില്‍ തുടരുകയാണ്. ഇതോടെ ഇത്തരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരേ തസ്തികയില്‍ ഇരട്ട അധ്യാപകര്‍ ജോലിക്കെത്തുന്ന സാഹചര്യമാണ്.
അതേസമയം വിടുതല്‍ വാങ്ങിയ സ്‌കൂളിലെ തസ്തികയില്‍ പകരം ആരും പ്രവേശിക്കാത്തതിനാല്‍ അധ്യാപകരില്ലാത്ത സ്ഥിതിയുമുണ്ട്. ട്രാന്‍സ്ഫര്‍ ഉത്തരവു നിലനില്‍ക്കേ ഈ സ്‌കൂളുകളില്‍ ദിവസവേതനക്കാരുടെ നിയമനം പരിഗണിക്കാനുമാവില്ല. ചില ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരേ തസ്തികയില്‍ ഇരട്ട അധ്യാപകര്‍ ശമ്പളം പറ്റുന്ന സ്ഥിതിയാണ്. ഇവരില്‍ ഒരാള്‍ ഒരു ജോലിയും ചെയ്യാതെയാണ് ശമ്പളം പറ്റുന്നത്.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിനെ സമീപിച്ചതിനെത്തുടര്‍ന്ന് അനുകൂല വിധി ലഭിക്കാതിരുന്നിട്ടും ജോലിയില്‍ പ്രവേശിക്കാത്തതു ഗുരുതര പ്രശ്‌നമാണ്. അതേസമയം ജോയിന്‍ ടൈം കാണിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉത്തരവിട്ടെങ്കില്‍ മാത്രമേ ബന്ധപ്പെട്ട സ്‌കൂളില്‍ ഹാജരാവേണ്ടതുള്ളൂ എന്നാണ് ഇത്തരം അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നത്. പുനര്‍വിന്യാസം സംബന്ധിച്ചു ട്രൈബ്യൂണലിന്റെ അടുത്ത ഉത്തരവുണ്ടാകുന്നതു വരെ ഈ സ്ഥിതി തുടരണമെന്നാണു താല്‍ക്കാലിക ഉത്തരവിലുള്ളത്. പ്രതികൂല വിധി നേരിട്ട അധ്യാപകരാണ് സ്‌കൂളില്‍ ഹാജരാവാത്തത്. ഇതു മൂലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."