ധനമന്ത്രി സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ടത് നിയമലംഘനം: ചെന്നിത്തല
കൊച്ചി: നിയമസഭയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും കാണാത്ത സി.എ.ജി കരട് റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടത് ഗുരുതര നിയമലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രിന്റ് ചെയ്ത് സഭയില്‍ സമര്‍പ്പിക്കുന്നതുവരെ സി.എ.ജി റിപ്പോര്‍ട്ട് അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന് അറിയാത്തയാളല്ല ധനമന്ത്രി. ഇതുസംബന്ധിച്ച് എ.ജിയുടെ സര്‍ക്കുലറും നിലവിലുണ്ട്. അതിനു വിരുദ്ധമായ പ്രവര്‍ത്തനം നിയമസഭയുടെ അവകാശലംഘനമാണ്. ഇതിനെതിരേ പ്രതിപക്ഷം നോട്ടിസ് നല്‍കും. കിഫ്ബിയെ ആരും ചോദ്യം ചെയ്യരുതെന്നാണ് സര്‍ക്കാരിന്റെയും ധനമന്ത്രിയുടെയും നിലപാട്. അഴിമതികളെല്ലാം പുറത്തുവരുമെന്ന ഭയമാണ് അതിനുകാരണം. അതുകൊണ്ടാണ് കിഫ്ബിയില്‍ ഓഡിറ്റ് വേണ്ടെന്ന നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചത്. ഒടുവില്‍ സി.എ.ജിയും കിഫ്ബിയിലെ കോടികളുടെ അഴിമതി കണ്ടുപിടിച്ചിരിക്കുന്നു. ഇതിലെ ജാള്യത മറയ്ക്കാനുള്ള ശ്രമത്തിലാണ് ധനമന്ത്രി. ഇ.ഡി എത്ര ശ്രമിച്ചാലും കെ.എം ഷാജിയെ കേസില്‍ കുടുക്കാന്‍ കഴിയില്ല. ഷാജിക്കെതിരായ കേസ് ഇ.ഡിക്ക് വിട്ട സര്‍ക്കാര്‍തന്നെ ഇ.ഡിക്കെതിരേ സമരം ചെയ്യുന്നത് വിരോധാഭാസമാണ്. ഖമറുദീനെതിരായ കേസ് അന്വേഷിച്ച് നടപടി എടുക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."