ഉദ്യാനറാണിയില്‍ സന്ദര്‍ശകര്‍ക്കൊരുക്കിയ സൈക്കിള്‍സവാരിയും സൂപ്പര്‍ഹിറ്റായി
മലമ്പുഴ: കേരളത്തിന്റെ ഉദ്യാനറാണിയായ മലമ്പുഴയില്‍ ആരംഭിച്ച സൈക്കിള്‍സവാരി സൂപ്പര്‍ഹിറ്റായതോടെ സൈക്കിളോടിക്കാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് ഉദ്യാനം ചുറ്റിക്കറങ്ങുന്നതിനായി സൈക്കിള്‍സവാരി ആരംഭിച്ചത്. സവാരിയാരംഭിച്ച ആദ്യദിനത്തില്‍ 200 രൂപയാണ് കളക്ഷനായി ലഭിച്ചതെങ്കില്‍ ഞായറാഴ്ച്ച സൈക്കിള്‍സവാരിയിലൂടെ ലഭിച്ചത് 360 രൂപയാണ്. ആദ്യഘട്ടത്തില്‍ ആറു സൈക്കിളാണ് മലമ്പുഴ ഉദ്യാനത്തിനകത്ത് സന്ദരശകര്‍ക്കായി സവാരിക്ക് സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം സ്ത്രീകള്‍ക്കും രണ്ടെണ്ണം പുരുഷന്മാര്‍ക്കും രണ്ടെണ്ണം കുട്ടികള്‍ക്കുമുള്ളതാണ്. സംഗതി ഹിറ്റായതോടെ സന്ദര്‍ശകരില്‍ സൈക്കിള്‍ സവാരിക്ക് ആവശ്യക്കാരേറെയായതിനാല്‍ പലരും കാത്തുനില്‍ക്കേണ്ട സ്ഥിതിയാണിപ്പോള്‍. സവാരിയാരംഭിച്ച് ആദ്യ നാലുദിവസം കൊണ്ടുതന്നെ ആയിരത്തിലധികം രൂപയാണ് ലഭിച്ചത്. ഒരാള്‍ക്ക് ഒരുമണിക്കൂര്‍ സൈക്കിള്‍ ചവിട്ടാന്‍ 10 രൂപയാണ് ഫീസെന്നിരിക്കെ ഇതുവഴി സൈക്കിള്‍സവാരിയിലൂടെ ഉദ്യാനത്തിന്റെ ദൃശ്യചാരുതകള്‍ ആസ്വദിക്കുന്നതിലപ്പുറം ഒരു വ്യായാമവും കൂടിയാവുമെന്നതാണ് മറ്റൊരു ഗുട്ടന്‍സ്. ഉദ്യാനത്തിനകത്തെ ഗാര്‍ഡനില്‍ ട്രയിന്‍സവാരിയിലൂടെയും റോപ്പ്‌വേയിലൂടെയും ഉദ്ധ്യാനത്തിന്റെ കാഴ്ചകള്‍ കാണാന്‍ നിലവില്‍ സൗകര്യമുണ്ട്. എന്നാല്‍ സൈക്കിള്‍ ചവിട്ടി ഉദ്യാനത്തിലെ കാഴ്ചകള്‍ കാണുകയെന്നത് സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം ഒരു നവ്യാനുഭവമായി മാറിയിരിക്കുകയാണ്. ഉദ്ധ്യാനത്തിനകത്തെ മാംഗോപാര്‍ക്ക്, ഗവര്‍ണേഴ്‌സ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയാണിപ്പോള്‍ സന്ദര്‍ശകര്‍ക്ക് സൈക്കിള്‍സവാരി നടത്താന്‍ അനുമതിയുള്ളതെന്നാല്‍ രണ്ടാംഘട്ടത്തില്‍ റിംഗ്‌റോഡിലൂടെയുള്ള സവാരിക്കും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. ആറു സൈക്കിളുകളും സവാരിക്കുപോയാല്‍ പിന്നെ ഒരുമണിക്കൂര്‍ മറ്റു സന്ദര്‍ശകര്‍ കാത്തിരിക്കണമെന്നിരിക്കെ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് സൈക്കിള്‍സവാരിക്ക് താല്‍പര്യം കാണിക്കുന്നതിനാല്‍ കൂടുതല്‍ സൈക്കിളുകള്‍ അധികൃതര്‍ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രയിനിലും, ബോട്ടുകളിലും, റോപ്പുകളിലുമൊക്കെ കേറി സവാരി നടത്തുന്നവര്‍ക്ക് സൈക്കിള്‍സവാരി ഏറെ കൗതുകകരമായിരിക്കുകയാണ്. സപ്താത്ഭുതങ്ങള്‍കൊണ്ട് അറുപതിന്റെ നിറവിലും അഴകിന്റെ മനോഹാരിത വിടര്‍ത്തുന്ന ഉദ്യാനറാണിയിലെ സൈക്കിള്‍സവാരിയും സന്ദര്‍ശകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ കേരളത്തിന്റെ വൃന്ദാവനത്തിലെ സൈക്കിള്‍സവാരിയും ഹിറ്റായതോടെ അധികൃതരും സന്തോഷത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."