മഞ്ഞുരുകും മാഞ്ചോലയിലേക്ക്
പകല്‍ സമയത്ത് പോലും സൂര്യകിരണങ്ങള്‍ കടന്നുവരാന്‍ മടിക്കുന്ന ഒരു നാട്ടിലേക്കു പോകാം. സ്വകാര്യ വാഹനങ്ങള്‍ മുന്‍കൂര്‍ അനുമതിയോടെ മാത്രം കൊണ്ടുപോകാവുന്ന നാട്. തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രം താലൂക്കിലെ മാഞ്ചോല എന്ന ഗ്രാമം.
വന്യ മൃഗങ്ങളോടും മാനുകളോടും മയിലുകളോടും ഇടകലര്‍ന്നു ജീവിക്കുന്ന ഒരുപാടു മനുഷ്യ ജീവിതങ്ങള്‍ ഉണ്ടിവിടെ. തേയില തോട്ടത്തിലെ ജോലിക്കായി കേരളത്തില്‍ നിന്നു കുടിയേറിപ്പാര്‍ത്ത് അവസാനം മാഞ്ചോലയെ നെഞ്ചോട് ചേര്‍ത്ത കുറച്ചു പച്ചയായ മനുഷ്യ ജീവിതങ്ങള്‍.
തമിഴ്‌നാട്ടിലെ മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്നുകിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമിയാണ് മാഞ്ചോല. ഇതിന് സിങ്കപെട്ടി സമീന്ദാര്‍ ഫോറെസ്റ്റ് എന്ന മറ്റൊരു പേരുമുണ്ട്. തിരുനെല്‍വേലിയില്‍ നിന്നോ അംബസമുദ്രം വഴിയോ മണി മുത്തിയാറും കടന്നു മാഞ്ചോലയിലേക്ക് എത്തിച്ചേരാം. മാഞ്ചോലയും കഴിഞ്ഞ് ഊത് മലയിലെ കുതിരവെട്ടി എത്തുമ്പോള്‍ എസ്റ്റേറ്റ് അവസാനിക്കുകയാണ്.
കാടിനിടവഴിയിലൂടെ
ഇരുചക്ര വാഹനം ഒഴികെയുള്ള സ്വകാര്യ വാഹനങ്ങള്‍ക് മുന്‍കൂര്‍ അനുമതിയോട് മാത്രമേ പോകാന്‍ പറ്റുള്ളൂവെങ്കിലും തമിഴ്‌നാടിന്റെ സ്വന്തം ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ഈ സ്വപ്‌നഭൂമിലേക്കു പോകാം. ദിവസം ആകെ രണ്ടു സര്‍വിസ് മാത്രമേയുള്ളൂ. തിരുനെല്‍വേലിയില്‍ നിന്നു അംബാസമുദ്രം വഴി രാവിലെയും വൈകുന്നേരവും പുറപ്പെടുന്ന ഈ ബസ് മാഞ്ചോലയുടെ ജന ജീവിതത്തിന്റെ ആകെയുള്ള ഒരു പ്രതീക്ഷയാണ്.
ഗ്രാമക്കാഴ്ചകളിലേക്ക്
മണിമുത്തിയാര്‍ ഡാമിലെ കാഴ്ചകളും കണ്ട് ചെക്ക് പോസ്റ്റും പിന്നിട്ട് കാടിന്റെ വന്യതയിലേക്ക് കയറുമ്പോള്‍ മറ്റൊരു ലോകത്തേക്ക് നമ്മള്‍ പോകുകയാണ്. പ്രകൃതി സൗന്ദര്യം ആവോളമുള്ള കുന്നും മലകളും കാട്ടരുവികളുമുള്ള, ഒരു വണ്ടിക്ക് മാത്രം കടന്നുപോകാന്‍ പറ്റുന്ന ഇടതൂര്‍ന്ന വനത്തിലൂടെയുള്ള യാത്ര ഒരേസമയം കുളിരും ഭീതിയും ഉള്ളില്‍ ജനിപ്പിക്കും. പകല്‍ സമയത്ത് പോലും കോടമഞ്ഞു വന്നുമൂടുന്ന ഈ വഴികള്‍ രാത്രി ആകുമ്പോള്‍ കാട്ടുപോത്തുകളും മറ്റു വന്യജീവികളും കയ്യടക്കും.
കാട്ടുവഴികള്‍ പിന്നിട്ട് നാലു മുക്കും കാക്കാച്ചിയും കടന്ന് ഊത് എന്ന തമിഴ് ഗ്രാമത്തിലേക്ക് എത്തുമ്പോള്‍ തന്നെ മാഞ്ചോലയുടെ ഗ്രാമഭംഗി ആസ്വദിച്ചുതുടങ്ങാം.
വളരെ വര്‍ഷങ്ങള്‍ പഴക്കമുള്ള പോസ്റ്റ് ഓഫിസും ചെറിയ ചെറിയ പെട്ടിക്കടകളും ചായക്കടയും അവിടുത്തെ റേഡിയോയിലൂടെ തമിഴ് പാട്ടിന്റെ വരികള്‍ ആസ്വദിച്ചു ചായ കുടിക്കുന്ന തോട്ടം തൊഴിലാളികളും നിത്യ കാഴ്ച. തേയില തോട്ടങ്ങള്‍ക്കു അരികിലായി കുഞ്ഞു കുഞ്ഞു വീടുകള്‍ കാണാം.
പകല്‍ വെളിച്ചം ഭൂമിലേക്ക് പതിക്കുംമുന്നേ തേയിലത്തോട്ടത്തിലേക്ക് ജോലിക്ക് ഇറങ്ങുന്ന സ്ത്രീകളെ കാണാം. അവരുടെ കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളിലൂടെ ഗ്രാമം ഉണരുകയാണ്. തമിഴാണ് സംസാരിക്കുന്നതെങ്കിലും ഇവരില്‍ പലരും മലയാളികള്‍ ആണ്. കൊല്ലം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നു കുടിയേറിയവരാണ്. ഇപ്പോഴവര്‍ മാഞ്ചോലയുടെ മക്കള്‍.
കാഴ്ച വിരുന്നൊരുക്കി വാച്ച് ടവര്‍
2018 ലെ സെന്‍സസ് പ്രകാരം 30 ല്‍ അധികം കടുവകളെ കണ്ടെത്തിയ സ്ഥലമാണ്. എന്നിരുന്നാലും മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്ന സംഭങ്ങള്‍ വിരളമാണ്. മാഞ്ചോല എസ്റ്റേറ്റ്, മണി മുത്തിയാര്‍ എസ്റ്റേറ്റ്, ഊത് എസ്റ്റേറ്റ് എന്നിങ്ങനെ മൂന്ന് എസ്റ്റേറ്റുകളാണ് ഇവിടെയുള്ളത്. ഊത് ഗ്രാമം ആണ് ബസിന്റെ അവസാനത്തെ സ്റ്റോപ്പ്. അവിടെ നിന്നു നാലു കിലോമീറ്റര്‍ ദൂരമുണ്ട് കുതിരവെട്ടിയിലേക്ക്. ഫോറസ്റ്റിന്റെ അനുമതിയോടെ അങ്ങോട്ടേക്ക് പോകാം. കല്ലുകള്‍ നിറഞ്ഞ ദുര്‍ഘടമായ പാതയിലൂടെയാണ് യാത്ര. അവിടത്തെ വാച്ച് ടവറില്‍ നിന്ന് കാഴ്ചകള്‍ ആസ്വദിക്കാം. പച്ചപ്പ് നിറഞ്ഞ കാര്‍ഷിക ഗ്രാമങ്ങളും വെയിലേറ്റു തിളങ്ങുന്ന മണിമുത്തിയാര്‍ ഡാമിലെ നീല ജലാശയവും അപ്പര്‍ കോതയറിന്റെ കുറച്ചു ഭാഗങ്ങളുമൊക്കെ കാണാം. കണ്ണിനു കുളിരേകുന്ന കാഴ്ചകള്‍ക്കിടയില്‍ കോട വന്നുമൂടി പരസ്പരം കാണാന്‍ പറ്റാത്ത സ്ഥിതിയുമാകും.
ഊത് ഗ്രാമത്തില്‍ ഹോട്ടലുകള്‍ ഒന്നുമില്ല. പക്ഷേ, ഓര്‍ഡര്‍ ചെയ്താല്‍ പാചകംചെയ്തു തരുന്ന ഒരു മലയാളി ചേട്ടനുണ്ട്. വീടിനോട് ചേര്‍ന്നുള്ള ചായ്പ്പിലാണ് ഭക്ഷണം കൊടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."