എല്ലാവര്ക്കും വീട് : ഇമ്പിച്ചി ബാവ ഭവന നിര്‍മാണ പദ്ധതി ധനസഹായം നല്കി
കോട്ടയം : ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയവര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതിയുള്പ്പെട്ടവര്ക്ക് ജില്ലാ കലക്ടര്‍ സി.എ ലത ധനസഹായം വിതരണം ചെയ്തു.
2.5 ലക്ഷം രൂപയാണ് ഒരു വീടിന് ലഭിക്കുക. മൂന്നു ഗഡുക്കളായിട്ടാണ് വിതരണം. ഇതിന്റെ ആദ്യ ഗഡുവായ 50,000 രൂപയുടെ ചെക്കുകളാണ് നല്‍കിയത്. ജില്ലയില്‍ 594 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്ന് മുസ്ലീം 80, കൃസ്ത്യന്‍ 90 എന്നിങ്ങനെ പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തി അതത് വില്ലേജോഫീസര്‍മാര്‍ വിശദമായ അന്വേഷണം നടത്തി.
മുസ്ലീം-28, കൃസ്ത്യന്‍- 22 എന്നിങ്ങനെ 50 ഗുണഭോക്താക്കള്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. 'എല്ലാവര്ക്കും വീട്' എന്ന മുദ്രാവാക്യം സാര്‍ത്ഥകമാക്കാന്‍ സമയബന്ധിതമായി ലഭിക്കുന്ന തുക ഉപയോഗിച്ച് വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ എന്നും കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ എല്‍.ആര് ഡെപ്യൂട്ടി കളക്ടര്‍ സണ്ണി ജോണ്‍ അധ്യക്ഷനായി. രഘുദാസ് , മുഹമ്മദ് റാസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."