ഇന്ത്യന്‍ പേസ് നിരയെ പ്രശംസിച്ച് ഓസീസ് മുന്‍ ഫാസ്റ്റ് ബൗളര്‍ ജാസണ്‍ ഗില്ലെസ്പി
സിഡ്‌നി: ഏറ്റവും മികച്ച പേസ് നിരയാണ് ഇന്ത്യക്ക് ഇപ്പോള്‍ ഉള്ളതെന്ന് ഓസീസ് മുന്‍ ഫാസ്റ്റ് ബൗളര്‍ ജാസണ്‍
ഗില്ലെസ്പി പറഞ്ഞു. ഏറെ നാള്‍ക്ക് ഇടയില്‍ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതില്‍ വെച്ച് മികച്ച പേസ് നിരയാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. ഫാസ്റ്റ് ബൗളിങ്ങില്‍ അവരെല്ലാം അവരുടേതായ ശൈലി കൊണ്ടുവന്നു. ഇവര്‍ക്ക് മുന്‍പ് വന്നവരോട് എല്ലാ ആദരവും നിലനിര്‍ത്തി കൊണ്ട് തന്നെയാണ് ഇത് പറയുന്നത്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്രയെ എടുത്ത് പറഞ്ഞ താരം മൂന്ന് ഫോര്‍മാറ്റിലും ഇതിഹാസ താരമായിട്ടാവും ബൂമ്ര കളി അവസാനിപ്പിക്കുക, കരിയര്‍ ഫിനിഷ് ചെയ്യുമ്പോഴേക്കും ബൂമ്ര സൂപ്പര്‍ സ്റ്റാര്‍ ആയിട്ടുണ്ടാവും എന്ന് പ്രവചിച്ചു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരമായിട്ടാവും ബൂമ്ര പടിയിറങ്ങുക, അതില്‍ ഒരു സംശയവുമില്ല, ഗില്ലെസ്പി പറഞ്ഞു.
മുഹമ്മദ് ഷമിയും വലിയ മികവ് കാണിക്കുന്നു. സാഹചര്യങ്ങളോട് എത്രമാത്രം ഇണങ്ങാനാവുന്ന കളിക്കാരനാണ് താനെന്ന് ഇഷാന്ത് ശര്‍മ കാണിച്ച് തരുന്നു. ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടും അതില്‍ നിന്നെല്ലാം തിരിച്ചു വരാന്‍ ഇഷാന്തിന് സാധിക്കുന്നു. സ്വയം കൂടുതല്‍ മെച്ചപ്പെടാനാണ് ഇഷാന്തിന്റെ ശ്രമം. സ്വയം കണ്ടെത്തി കൂടുതല്‍ മികവിലേക്ക് എത്താനുള്ള ഇഷാന്തിന്റെ ശ്രമത്തില്‍ ഇന്ത്യ അഭിമാനിക്കണം. ഇവര്‍ക്ക് പുറമെ ഭുവിയും, ഉമേഷ് യാദവും ഇന്ത്യക്കുണ്ടെന്നും ഗില്ലെസ്പി ചൂണ്ടിക്കാണിക്കുന്നു.
പണ്ടത്തേയും ഇന്നത്തേയും ഇന്ത്യയുടെ പേസ് നിരയെ താരതമ്യം ചെയ്യുക പ്രയാസമാണ്. എന്നാല്‍ ഇന്നത്തേത് പോലെ ഡെപ്ത് ഉള്ള പേസ് നിരയായിരുന്നു ഇന്ത്യക്ക് അന്നുണ്ടായിരുന്നത് എന്ന് കരുതുന്നില്ല. എത്ര മനോഹരമായാണ് ജവഗല്‍ ശ്രീനാഥ് ബൗള്‍ ചെയ്തത്. എന്നെ ഏതാനും തവണ പുറത്താക്കിയിട്ടുണ്ട്. സഹീര്‍ ഖാനും മികച്ചു നിന്നു. ഇന്ത്യന്‍ സീം ആക്രമണ നിരയിലേക്ക് വ്യത്യസ്തത കൊണ്ടുവന്നവരാണ് ഇവരെന്നും ഗില്ലെസ്പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."