കോണ്‍ഗ്രസ് വന്‍ അഴിച്ചുപണിക്ക്: യു.പിയിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു, ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ പ്രത്യേക സമിതി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത തോല്‍വി ഏറ്റുവാങ്ങി പ്രതിസന്ധി ഉരുണ്ടുകൂടിയ കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിയെന്ന് സൂചന. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കിഴക്കന്‍ യു.പിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്. നേതാക്കള്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പ്രിയങ്ക തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പ്രതികരിച്ചിരുന്നു.
നേതൃത്വമില്ലാത്ത പശ്ചാത്തലത്തില്‍ പാര്‍ട്ടി നേരിടുന്ന കടുത്ത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കും. 11 നിയമസഭാ സീറ്റുകളിലേക്ക് ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോവുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. കിഴക്കന്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍. എം.എല്‍.എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് ജയിച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുക. ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടംഗങ്ങള്‍ വീതമുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
യു.പിയിലെ പുന:സംഘടനയ്ക്കായി അജയ് കുമാര്‍ ലല്ലുവിനെ ഏല്‍പ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവാണ് അജയ് കുമാര്‍ ലല്ലു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ അച്ചടക്കലംഘനമുണ്ടായെന്ന എല്ലാ പരാതികളും പരിഗണിക്കാന്‍ ഒരു മൂന്നംഗസമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുവാക്കളെ ഉള്‍പ്പെടുത്തി പുതിയ സമിതികള്‍ രൂപീകരിക്കണമെന്ന പദ്ധതിയാണ് പ്രിയങ്കാ ഗാന്ധി മുന്നോട്ടു വയ്ക്കുന്നത്. പുതിയ ജില്ലാ സമിതികളില്‍ 50 ശതമാനം പേരും 40 വയസില്‍ താഴെയുള്ളവരായിരിക്കണമെന്നാണ് പ്രിയങ്ക നല്‍കിയ ഒരു നിര്‍ദേശം. 33 ശതമാനം വനിതാ സംവരണവും ഉറപ്പാക്കണമെന്നും പ്രിയങ്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."