ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം ഇത്തവണയും തഥൈവ
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം ഈ വര്‍ഷവും അവതാളത്തില്‍. സ്ഥലംമാറ്റത്തിനായുള്ള സര്‍ക്കാര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങിയതോടെ അധ്യാപകര്‍ ആശങ്കയിലാണ്. സെപ്റ്റംബര്‍ തീരാറായിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
ഒക്ടോബര്‍ മാസത്തിലേക്ക് നടപടികള്‍ നീണ്ടുപോയാല്‍ അധ്യയന വര്‍ഷത്തിന്റെ പകുതിവച്ച് വേണ്ടെന്ന ന്യായം പറഞ്ഞ് ഈ വര്‍ഷവും സ്ഥലംമാറ്റം നടത്താതിരിക്കാനാണ് സാധ്യത. അധ്യാപക സംഘടനകളുമായി മുന്‍കൂട്ടി ആലോചിച്ച് സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ രൂപീകരിക്കുവാനും ഈ അധ്യയന വര്‍ഷം ആദ്യം തന്നെ സ്ഥലംമാറ്റം നടത്താനുമാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ സംഘടനകളുമായി ആലോചിച്ചുറപ്പിച്ച മാനദണ്ഡത്തില്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പ് വെള്ളം ചേര്‍ത്തതാണ് വിനയായത്.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പുതുക്കി നിശ്ചയിച്ച മാനദണ്ഡങ്ങളോടെ കഴിഞ്ഞ ജൂലൈയില്‍ സ്ഥലം മാറ്റത്തിനുള്ള കരട് പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു.
പട്ടികപ്രകാരം അനുകമ്പാര്‍ഹ സ്ഥലംമാറ്റം നടന്നിരിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് കാണിച്ച് 17 ഓളം അധ്യാപകര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. ട്രൈബ്യൂണലിന്റെ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിനോട് അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന നിര്‍ദേശമാണ് കോടതി നല്‍കിയത്.
ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടി എന്തായിരിക്കും എന്നത് സംബന്ധിച്ചാണ് നിലവില്‍ വ്യക്തതയില്ലാത്തത്. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകും എന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവില്‍ സര്‍ക്കാര്‍ അതിന് മുതിര്‍ന്നിട്ടില്ല.
കൂടുതല്‍ കോടതി വ്യവഹാരങ്ങളില്‍ പെടുത്തി അധ്യാപകര്‍ക്ക് ന്യായമായി ലഭിക്കേണ്ട സ്ഥലംമാറ്റം കാലതാമസം വരുത്താതെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."