മധ്യപ്രദേശില്‍ ബി.എസ്.പിയുടെ നിലപാടറിയാന്‍ കോണ്‍ഗ്രസ്
ഭോപ്പാല്‍/റായ്പൂര്‍: ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസിനെ തള്ളി മായാവതി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തിസ്ഗഡുമായി സഖ്യം പ്രഖ്യാപിച്ചതോടെ അവര്‍ മധ്യപ്രദേശില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നു. ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത സഖ്യത്തിനായി പ്രവര്‍ത്തനം തുടങ്ങിയിരിക്കെയാണ് മായാവതിയുടെ ചുവടുമാറ്റമെന്നത് ശ്രദ്ധേയമാണ്.
ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് വിമതനും മുന്‍മുഖ്യമന്ത്രിയുമായ അജിത് ജോഗിയുമായി സഖ്യത്തില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മായാവതി പ്രഖ്യാപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ അവര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നിരീക്ഷിക്കുന്നത്.
അതേസമയം മധ്യപ്രദേശില്‍ 22 സ്ഥാനാര്‍ഥികളെ മായാവതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റ് ചര്‍ച്ച തുടങ്ങുകപോലും ചെയ്യാതിരിക്കെ ഒരുമുഴം മുന്പേയെന്ന നിലയിലാണ് മായാവതി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ബി.ജെ.പിയില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യമാണ് ബി.എസ്.പിക്കുള്ളത്. മധ്യപ്രദേശ് നിയമസഭയിലെ 230 സീറ്റുകളില്‍ 50 സീറ്റുകളെങ്കിലും ബി.എസ്.പിക്ക് വേണമെന്ന നിലപാടിലാണ് മായാവതി ചുവടുകള്‍ നീക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്നതാണ് പ്രതിപക്ഷത്തിന്റെ മുന്‍പിലുള്ള പ്രധാന അജണ്ടയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതിനിടയിലാണ് ഛത്തിസ്ഗഡില്‍ മായാവതി കോണ്‍ഗ്രസ് വിമതനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."