അബഹ വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പരുക്കേറ്റവരില്‍ മലപ്പുറം സ്വദേശിയടക്കം നാലു ഇന്ത്യക്കാര്‍
ജിദ്ദ: അബഹ എയര്‍പോര്‍ട്ടിനു നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ നാല് ഇന്ത്യക്കാരില്‍ ഒരാള്‍ മലയാളി. പാണ്ടിക്കാട് സ്വദേശി സൈതാലിയാണ് ആശുപത്രിയിലുള്ളത്. അതേ സമയം ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ സിറിയന്‍ പൗരന്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
പരുക്കേറ്റ ഇന്ത്യക്കാരില്‍ രണ്ടുപേര്‍ കുട്ടികളാണ്. വിമാനത്താവളത്തിനു മുന്നിലെ റെസ്റ്റോറന്റിനടുത്താണ് ഡ്രോണ്‍ പതിച്ചത്. ആക്രണത്തില്‍ 13വാഹനങ്ങള്‍ തകര്‍ന്നു. മലപ്പുറം പാണ്ടിക്കാട് എടയാറ്റൂര്‍ പാലത്തിങ്ങല്‍ സെയ്താലി (39)ക്കാണ് പരുക്കേറ്റത്.
ഡ്രോണ്‍ വ്യോമ പ്രതിരോധ സംവിധാനത്തില്‍ കുടുങ്ങാതിരുന്നതാണ് അപകടവ്യാപ്തി കൂട്ടിയത്. സംഘര്‍ഷത്തിനുള്ള ശ്രമമാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ നടത്തുന്നതെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.
അബഹയില്‍നിന്ന് നാട്ടിലേക്ക് പോകുന്ന മകന് ബോര്‍ഡിംഗ് പാസ് ലഭിച്ചുവെന്നുറപ്പിച്ച ശേഷം ടെര്‍മിനലില്‍നിന്ന് കുട്ടികളോടൊപ്പം പുറത്തിറങ്ങുന്നതിനിടെയാണ് ഡ്രോണ്‍ പറന്നു വരുന്നത് ശ്രദ്ധയില്‍ പെട്ടതെന്ന് സെയ്തലവി പറഞ്ഞു. 15 മീറ്റര്‍ മുകളില്‍ വെച്ച് അത് തീഗോളമാകുന്നതും പൊട്ടിത്തെറിക്കുന്നതും കണ്ടു. ആളുകള്‍ ചിതറിയോടി. പരുക്കേറ്റ് എതാനും പേര്‍ താഴെ വീണു. ഒരു കുട്ടിയെ ഞാനും മറ്റൊരു കുട്ടിയ ഭാര്യയും കയ്യിലെടുത്ത് പ്രാണരക്ഷാര്‍ഥം ടെര്‍മിനലിലുള്ളിലേക്ക് ഓടി കയറി. അപ്പോഴാണ് ശരീരത്തില്‍ നിന്ന് ചോരയൊലിക്കുന്നത് കണ്ടത്. സെയ്താലി പറഞ്ഞു. അബഹയില്‍ 10 വര്‍ഷമായി സ്റ്റുഡിയോ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന സെയ്താലി രണ്ട് മാസം മുമ്പാണ് കുടുംബത്തെ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്നത്. മൂത്തമകന്‍ അമന്‍ മുഹമ്മദി(11)നെ സ്‌കൂള്‍ തുറന്നതിനാല്‍ നാട്ടിലേക്കയക്കാനായിരുന്നു സൈദാലിയും ഭാര്യ ഖൗലത്തും മറ്റു മക്കളായ ആശിന്‍ മഹ് മൂദും (7) അയാന്‍ അഹമ്മദും(രണ്ട്) വിമാനത്താവളത്തിലെത്തിയത്.
സിവിലയന്മാരേയും സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആക്രമണം എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളും ലംഘിക്കുന്നതാണെന്ന് യമനി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തെ അപലപിക്കാനും അന്താരാഷ്ട്ര പ്രമേയങ്ങള്‍ മാനിക്കുന്നതിന് ഹൂതികളില്‍ സമ്മര്‍ദം ചെലുത്താനും അന്താരാഷ്ട്ര സമൂഹവും യു.എന്‍ രക്ഷാസമിതിയും തയാറാകണമെന്ന് യമന്‍ ആവശ്യപ്പെട്ടു. യു.എ.ഇ, ഈജിപ്ത്, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍, കുവൈത്ത്, ബഹ്റൈന്‍, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ ശക്തിയായി അപലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."