പത്തനംതിട്ടയും എറണാകുളവും ചാംപ്യന്മാര്
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ നടന്ന 24-ാമത് സംസ്ഥാന സബ്ജൂനിയര് നെറ്റ്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളില്‍ പത്തനംതിട്ടയും പെണ്‍കുട്ടികളില്‍ എറണാകുളവും ചാംപ്യന്മാരായി.
13-10 എന്ന സ്കോറില്‍ വയനാടിനെ പരാജയപ്പെടുത്തിയാണ് പത്തനംതിട്ട കിരീടം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 14നെതിരേ 15 ഗോളുകള്‍ സ്കോര്‍ ചെയ്താണ് എറണാകുളം കിരീടമണിഞ്ഞത്. തൃശൂരിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യ സെമിയില്‍ ആതിഥേയരായ വയനാട്, തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. രണ്ടാം സെമിയില്‍ മലപ്പുറത്തെ തകര്‍ത്താണ് പത്തനംതിട്ട കലാശക്കളിക്ക് യോഗ്യത നേടിയത്.
ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ ഇരുടീമുകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ ലീഡ് നില മാറിമറിഞ്ഞ മത്സരത്തിന്റെ അവസാനം വയനാടിന് താളം നഷ്ടപ്പെട്ടു. ഇതു മുതലെടുത്ത പത്തനംതിട്ട ലീഡുയര്‍ത്തി കപ്പില്‍ മുത്തമിടുകയായിരുന്നു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യ സെമിയില്‍ തൃശൂര്‍ തിരുവനന്തപുരത്തെ തകര്‍ത്ത് കലാശക്കളിക്ക് യോഗ്യത നേടി. രണ്ടാം സെമിയില്‍ മലപ്പുറത്തെ തകര്‍ത്ത് എറണാകുളവും ഫൈനലിലെത്തി.
അയല്‍ക്കാര്‍ തമ്മിലുള്ള പോരാട്ടത്തിന്റെ വീറും വാശിയും നിഴലിച്ച മത്സരത്തില്‍ 15-14 എന്ന സ്കോറിനാണ് എറണാകുളം കിരീടമുറപ്പിച്ചത്. വിജയികള്‍ക്ക് വയനാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു സമ്മാനദാനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."