ബി.ജെ.പിയില്‍ കലഹം പാരമ്യത്തില്‍; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയും ബാധിക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നേതാക്കളുടെ ദേശീയ ചുമതലയില്‍ കൂടി മാറ്റം വരുത്തിയതോടെ സംസ്ഥാനത്ത് ബി.ജെ.പിക്കുള്ളിലെ കലഹം പാരമ്യത്തിലെത്തി. മുരളീധര പക്ഷത്തിന്റെ ഇടപെടലില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അവഗണിക്കപ്പെടുകയാണെന്ന വികാരം തീവ്രമായതോടെ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഏകോപന പ്രവര്‍ത്തനങ്ങള്‍ വരെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നേരത്തേ തന്നെ അവഗണിക്കപ്പെടുന്നതിലുള്ള അതൃപ്തി നിലനില്‍ക്കുന്നതിനിടയ്ക്കാണ് കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വം പി.കെ കൃഷ്ണദാസിനെ ദേശീയചുമതലയില്‍ നിന്ന് ഒഴിവാക്കിയത്. തെലങ്കാനയുടെ ചുമതലയില്‍ നിന്ന് നീക്കിയപ്പോള്‍ പകരം ചുമതലകളൊന്നും നല്‍കിയതുമില്ല. എന്നാല്‍ എ.പി അബ്ദുല്ലക്കുട്ടിക്ക് ലക്ഷദ്വീപിന്റെയും കേന്ദ്ര സഹമന്ത്രി വി.മുരളീധരന് ആന്ധ്രാപ്രദേശിന്റെയും ചുമതല നല്‍കുകയും ചെയ്തു. ബി.ജെ.പി ദേശീയ പുനഃസംഘടനയില്‍ അവഗണിക്കപ്പെട്ട കൃഷ്ണദാസ് പക്ഷം ഏതെങ്കിലും സംസ്ഥാനങ്ങളുടെ ചുമതല ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പുതിയ തീരുമാനം സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും അവരെ പൂര്‍ണമായും അവഗണിക്കും വിധത്തിലായത് കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ സംസ്ഥാനത്ത് ബി.ജെ.പിക്കുള്ളില്‍ കലഹം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ നിന്ന് ഒ.രാജഗോപാല്‍, സി.കെ പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഇരുപതിലധികം നേതാക്കളാണ് വിട്ടുനിന്നത്. ആഭ്യന്തര കലഹം രൂക്ഷമായതോടെ, തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചു സംസ്ഥാന നേതൃത്വത്തിന് നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. ഏകോപനത്തിന് നേതാക്കളില്ലാത്തത് തിരിച്ചടിയാകുമെന്ന് കെ.സുരേന്ദ്രന്റെ പക്ഷത്തുള്ളവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. താല്‍ക്കാലിക പരിഹാരം കാണുന്നതിന് ആര്‍.എസ്.എസിനെ സമീപിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."