ഡാവിഞ്ചി കണ്ടെത്തി; തന്റെ മോഡലായ ആ തൊണ്ണൂറുകാരനെ
കൊടുങ്ങല്ലൂര്‍: ഒടുവില്‍ അയാള്‍ ജീവിച്ചിരിക്കുന്ന ഡാവിഞ്ചിക്ക് മുന്‍പിലെത്തി. നിറങ്ങള്‍ ചാലിച്ച് നിങ്ങള്‍ വരച്ചെടുത്തത് എന്നെയാണെന്ന് അയാള്‍ മനോഹരമായി മൊഴിഞ്ഞു. ഏറെ ഹൃദ്യമായിരുന്നു ചിത്രകാരന് ഡാവിഞ്ചി സുരേഷും തനിക്ക് മോഡലായ തൊണ്ണൂറുകാരന് ഔസേപ്പും തമ്മിലുള്ള കൂടിക്കാഴ്ച.
ഏറ്റുമാനൂര്‍ നഗരസഭയിലെ മുന്‍കൗണ്‍സിലര്‍ ജയശ്രീയുടെ മകനും പ്ലസ്ടു വിദ്യാര്‍ഥിയുമായ അഭിമന്യു ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോ കണ്ടാണ് ഡാവിഞ്ചി സുരേഷ് ജീവന് തുടിക്കുന്ന ചിത്രം വരച്ചത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാണ് അയാള്‍ എന്ന അന്വേഷണത്തിലായിരുന്നു സുരേഷ്. ഒടുവില്‍ ഏറ്റുമാനൂരിലെ പുന്നത്തുറയില്‍ നിന്നാണ് ചിത്രത്തിലുള്ളയാളെ കണ്ടെത്തിയത്.
ചായക്കടയില്‍ ജോലിക്കാരനാണ് തൊണ്ണൂറുകാരനായ ഔസേപ്പ്. നിമിഷനേരങ്ങള്‍ക്കൊണ്ട് ഔസേപ്പ് നാട്ടുകാര്‍ക്കിടയില്‍ താരമായി. സന്തോഷമായെന്നും ജീവിതത്തിലെ വലിയൊരു സമ്മാനമാണെന്നും ഔസേപ്പിന്റെ മറുപടി. താന്‍ വരച്ച ചിത്രവും കലാകാരന്മാരുടെ കൂട്ടായ്മയായ എക്സോട്ടിക് ഡ്രീംസിന്റെ ധനസഹായവും സുരേഷ് ഔസേപ്പിന് കൈമാറുകയും ചെയ്തു. പ്രദേശവാസികളടക്കം നൂറുകണക്കിന് ആളുകളാണ് സുരേഷിനെയും കൂട്ടരെയും എതിരേല്ക്കാന് പുന്നത്തുറയില്‍ ഉണ്ടായിരുന്നത്. മൂന്നുമക്കളാണ് ഔസേപ്പിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."