യു.ജി.സി നിര്‍ദേശം വിവാദത്തിലേക്ക്
ന്യൂഡല്‍ഹി: പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വാര്‍ഷികം രാജ്യത്തെ സര്‍വകലാശാലകളില്‍ ആഘോഷിക്കാനുള്ള യു.ജി.സിയുടെ നിര്‍ദേശം വിവാദമാവുന്നു. ആക്രമണത്തിന്റെ വാര്‍ഷികദിനമായ ഈ മാസം 29ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനമായി ആചരിക്കാനാണ് യു.ജി.സി നിര്‍ദേശം നല്‍കിയത്. ഇതിനോടനുബന്ധിച്ച് പ്രത്യേക പരേഡും പ്രദര്‍ശനവും സംഘടിപ്പിക്കാനും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. സായുധസേനകള്‍ക്ക് ആശംസനേര്‍ന്ന് കാര്‍ഡ് അയക്കാനും 29ന് സര്‍വകലാശാലകളിലെ എന്‍.സി.സി യൂനിറ്റുകള്‍ പ്രത്യേക പരേഡ് സംഘടിപ്പിക്കാനുമാണ് യു.ജി.സി സെക്രട്ടറി രജനീഷ് ജെയ്ന്‍ രാജ്യത്തെ സര്‍വകലാശാലാ വി.സിമാര്‍ക്ക് അയച്ച നോട്ടിസിലുള്ളത്.
എന്നാല്‍, രാഷ്ട്രീയനേട്ടങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലകളുടെ സ്വാതന്ത്ര്യത്തില്‍ കൈക്കടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മാനവവിഭവശേഷി മുന്‍ മന്ത്രിയുമായ കപില്‍ സിബല്‍ ആരോപിച്ചു. യു.ജി.സിയുടെ ചരിത്രത്തില്‍ ഇതുപോലെ രാഷ്ട്രീയതാല്‍പര്യമുള്ള സര്‍ക്കുലര്‍ ഇതിനുമുന്‍പ് ഇറക്കിയിട്ടുണ്ടോയെന്നു സംശയമാണ്. സര്‍വകലാശാലകളുടെ അധികാരം തകര്‍ക്കാനുള്ള ഗൂഢനീക്കം ഇതിനുപിന്നിലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. നോട്ടുനിരോധനത്തിന്റെ വാര്‍ഷികം ആഘോഷിക്കണമെന്നു നിര്‍ദേശം നല്‍കി യു.ജി.സി സര്‍ക്കുലര്‍ പുറത്തിറക്കുമോയെന്ന് സിബല്‍ പരിഹസിച്ചു.
മിന്നലാക്രമണത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാക് സൈന്യം ക്രൂരമായി പീഡിപ്പിച്ച സൈനികരുടെ വീട് സന്ദര്‍ശിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. വാര്‍ഷികം ആഘോഷിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ അറിയിച്ചു. യു.ജി.സി നിര്‍ദേശം ബി.ജെ.പി അജന്‍ഡയുടെ ഭാഗമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും പ. ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി ആരോപിച്ചു. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമാണിതെന്നും പാര്‍ഥ ആരോപിച്ചു.
സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. മിന്നലാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും യു.ജി.സി ഒരു നിര്‍ദേശം നല്‍കുക മാത്രമാണു ചെയ്തിരിക്കുന്നതെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. യു.ജി.സിയുടെ നടപടിയില്‍ രാഷ്ട്രീയമല്ല, രാജ്യസ്‌നേഹം പ്രകടിപ്പിക്കല്‍ മാത്രമാണുള്ളത്. അധ്യാപകരും വിദ്യാര്‍ഥികളും ശുപാര്‍ശ ചെയ്തതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അത് നിര്‍ബന്ധമായും അനുഷ്ഠിക്കാനുള്ള നിര്‍ദേശമല്ല. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്‍ സൈനികരുടെ ക്ലാസുകള്‍ നടത്തണമെന്നാണ് യു.ജി.സി നിര്‍ദേശിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
2016 സെപ്റ്റംബര്‍ 28നു രാത്രിയാണ് ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കശ്മിരിലെ തീവ്രവാദ ക്യാംപുകളില്‍ മിന്നലാക്രമണം നടത്തിയത്. എന്നാല്‍, ആക്രമണം പാകിസ്താന്‍ നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."