'ഇസ്‌ലാമിക ചരിത്രം പഠിക്കാന്‍ പ്രേരിപ്പിച്ചത് ഇസ്‌ലാമിനെതിരായ പ്രചാരണം'
ശ്രീനഗര്‍: 'രാജ്യാന്തര തലത്തില്‍ ഇസ്‌ലാം ഭീതി പ്രചരിക്കുന്നതിനിടെ ഇസ്‌ലാമും അതിന്റെ ചരിത്രവും പഠിക്കാന്‍ തീരുമാനിച്ചു, അങ്ങനെയാണ് ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ പി.ജിക്കു ചേരാന്‍ ഉദ്ദേശിച്ചത് '- ശുഭം യാദവ് പറയുന്നു. കശ്മിര്‍ യൂനിവേഴ്‌സിറ്റിയുടെ ഇസ്‌ലാമിക് ഹിസ്റ്ററി ബിരുദാനന്തര ബിരുദ കോഴ്‌സിനുള്ള പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ശുഭം യാദവ് ഈ നേട്ടം കൈവരിക്കുന്ന കശ്മിരിനു പുറത്തുള്ള ആദ്യ വിദ്യാര്‍ഥിയും ആദ്യ അമുസ്‌ലിമുമാണ്.
തുടരുന്ന ഇസ്‌ലാം ഭീതി മനം മടുപ്പിച്ചുവെന്നും ഒരു മതത്തിനെതിരേ മറ്റു ചിലര്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ കണ്ടപ്പോള്‍, ഭിന്ന മതക്കാര്‍ മറ്റു മതങ്ങളുടെ ചരിത്രവും തത്വശാസ്ത്രവും ആധ്യാത്മികതയും സംസ്‌കാരവും പഠിക്കേണ്ടതുണ്ടെന്നു തോന്നിയെന്നും ശുഭം യാദവ് പറഞ്ഞു. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ ഈ യുവാവ്, റാങ്ക് പട്ടികയിലെ 93 പേരെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്.
റാങ്ക് വിവരം അറിഞ്ഞതോടെ മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരാണ് വിളിച്ചത്. സാമൂഹിക ശാസ്ത്രം, നിയമം പോലുള്ള ഒരു വിഷയം മാത്രമാണ് എനിക്ക് ഇസ്‌ലാമിക ചരിത്രവും. മിക്ക ആളുകളും ചിന്തിക്കുന്നതു പോലെ ഇസ്‌ലാമിക് സ്റ്റഡീസ് എന്നത് മുസ്‌ലിംകളെപ്പറ്റിയോ ഇസ്‌ലാം മതത്തെപ്പറ്റിയോ മാത്രമുള്ള പഠനമല്ല. അത് ഇസ്‌ലാമിക നിയമങ്ങളിലൂടെയും അതിന്റെ സാംസ്‌കാരിക, സാമൂഹിക പാരമ്പര്യങ്ങളിലൂടെയുമുള്ള ആഴത്തിലുള്ള പഠനവും യാത്രയുമാണ്. സിവില്‍ സര്‍വിസ് ആണ് ലക്ഷ്യം. സിവില്‍ സര്‍വിസ് പ്രവേശനത്തിനു കൂടുതല്‍ സഹായിക്കുന്നത് ഡല്‍ഹിയിലെ പഠനമായതിനാല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ എല്‍.എല്‍.ബി പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്. അവിടെ പ്രവേശനം കിട്ടിയില്ലെങ്കില്‍ മാത്രമേ കശ്മിര്‍ സര്‍വകലാശാലയില്‍ വരൂവെന്നും ശുഭം യാദവ് പറഞ്ഞു. ശുഭം യാദവിന്റെ അച്ഛന്‍ രാജസ്ഥാനില്‍ വ്യാപാരിയാണ്.
റാങ്ക് പട്ടിക പുറത്തുവന്നതിനു പിന്നാലെ കശ്മിര്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ റിലീജ്യസ് സ്റ്റഡീസ് വകുപ്പ് മേധാവി പ്രൊഫ. ഹമീദുല്ലാ മറാസി ശുഭം യാദവിനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."