സിദ്ദീഖ് കാപ്പന്റെ മോചനം: ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. സിദ്ദീഖിനു ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടു കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ നല്‍കിയ ഹരജിയാണ് ഈ വിഷയത്തില്‍ സുപ്രിംകോടതിയിലുള്ളത്.
ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഘത്തിനിരയാക്കി കൊലപ്പെടുത്തിയ ഹത്രാസിലേക്കു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കഴിഞ്ഞ മാസം സിദ്ദീഖിനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. അഭിഭാഷകനെയോ കുടുംബത്തെയോ പോലും കാണാന്‍ അനുവദിക്കാതെ അദ്ദേഹത്തെ തടവിലിട്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജഡ്ജിമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാകും കേസ് പരിഗണിക്കുക.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനവും നിര്‍ഭയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു മാധ്യമപ്രവര്‍ത്തകരെ തടയുകയെന്ന ഉദ്ദേശത്തോടെയുള്ളതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ, അഭിഭാഷകരെയും ബന്ധുക്കളെയും കാണാന്‍ സിദ്ദീഖിന് അവസരമൊരുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം 12ന് വില്‍സ് മാത്യു മുഖേനയാണ് പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദീഖിനു വേണ്ടി ഹരജി നല്‍കിയത്.
സിദ്ദീഖിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹാജരായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."