'സി.പി.എമ്മിന്റെ സവര്‍ണ മുഖം ദലിത് നേതാക്കള്‍ തിരിച്ചറിയണം'; തന്നെ നേതാക്കള്‍ ജാതീയമായി അധിക്ഷേപിച്ചെന്നും പാര്‍ട്ടി വിട്ട കൊല്ലം ജില്ലാ പഞ്ചായത്തംഗം
കൊല്ലം: സി.പി.എം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി പാര്‍ട്ടി വിട്ട കൊല്ലം ജില്ലാപഞ്ചായത്തംഗം. കൊല്ലത്ത് സി.പി.എം നേതാക്കള്‍ ജാതീയമായി അധിക്ഷേപിച്ചെന്നാണ് ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ സി ബിനുവിന്റെ ആരോപണം. മീഡിയവണ്ണിനോടാണ് ബിനുവിന്റെ പ്രതികരണം. . ജാതി അധിക്ഷേപത്തെ തുടര്‍ന്നാണ് താന്‍ സി.പി.എം വിട്ടതെന്നും ബിനു പറയുന്നു.
അടിമയെ പോലെയാണ് നേതാക്കള്‍ തന്നോട് പെരുമാറിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ പരിപാടികളില്‍ പോലും തന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ദലിത് വിഭാഗങ്ങള്‍ ഇനിയെങ്കിലും കൊല്ലത്തെ സിപിഎം നേതാക്കളുടെ സവര്‍ണ മുഖം തിരിച്ചറിയണമെന്നും ബിനു പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധിക്ഷേപം ചോദ്യംചെയ്തപ്പോള്‍ കൊല്ലത്തെ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ദലിതനായ പ്രതിനിധി ജില്ലാ പഞ്ചായത്തില്‍ വടയും ചായയും കുടിക്കാന്‍ വന്നതാണെന്ന തരത്തിലാണ് നേതാക്കള്‍ പെരുമാറാറുള്ളതെന്നും ബിനു പറഞ്ഞു.
ആത്മാഭിമാനമുള്ള പട്ടികജാതി സമൂഹം തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കും. തന്നെ അധിക്ഷേപിച്ചവരോട് പറയാനുള്ളത് കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല എന്നാണ്. താന്‍ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ബിനു പറഞ്ഞു.
അഞ്ചല്‍ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ സി ബിനു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."