ചിദംബരം തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷനായേക്കും
ന്യൂഡല്‍ഹി: തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി (ടി.എന്‍.സി.സി) അധ്യക്ഷനായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പി.ചിദംബരത്തെ ഉടന്‍ തെരഞ്ഞെടുത്തേക്കും. 2019ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഈ വര്‍ഷം നടക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്കും പാര്‍ട്ടിയെ സജ്ജമാക്കുന്നതിനു ചിദംബരത്തെപോലെ കരുത്തനും പരിചയസമ്പന്നനുമായ ഒരാള്‍ ടി.എന്‍.സി.സി അധ്യക്ഷനാവേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് ചിദംബരം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്നാല്‍, ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ചിദംബരം പ്രതികരിച്ചില്ല. കൂടുതല്‍ അറിയുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കാണാനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏപ്രിലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ ദയനീയ പരാജയത്തെതുടര്‍ന്ന് ഇ.വി.എസ് എളങ്കോവന്‍ രാജിവച്ചതിനു ശേഷം ടി.ന്‍.സി.സി അധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടില്‍ ആകെയുള്ള 234 സീറ്റില്‍ കേവലം എട്ടു സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസ്സിനു ലഭിച്ചത്. എളങ്കോവന്‍ വിരുദ്ധ ഗ്രൂപ്പിന്റെ പ്രമുഖനായ ചിദംബരം, സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ ഹൈക്കമാന്‍ഡുമായി ഏറ്റവും അടുപ്പമുള്ളയാളുമാണ്.
നേരത്തെ തമിഴ്‌നാട് ഘടകം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും ടി.എന്‍.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ചിദംബരം, മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പും ധനവകുപ്പും കൈകാര്യംചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."