കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോ: സര്‍വിസ് മുടക്കത്തിനെതിരേ പ്രതിഷേധം
മാനന്തവാടി: ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ മാനന്തവാടി ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന ഗ്രാമീണ സര്‍വിസുകള്‍ ഉള്‍പെടെ നിര്‍ത്തിയതിനെതിരേയാണ് പ്രതിഷേധം. ദിവസങ്ങളായി ഡിപ്പോയില്‍ നിലനില്‍ക്കുന്ന ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നാണ് സര്‍വിസുകള്‍ വെട്ടിച്ചുരുക്കുന്നത്.
ഇതിനെതിരേ ഇന്നലെ രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ ഓഫിസും എ.ടി.ഒയേയും ഉപരോധിച്ചു. ഡീസലിന്റെ പേര് പറഞ്ഞ് സര്‍വിസുകള്‍ വെട്ടിച്ചുരുക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും എ.ടി.ഒ മാനന്തവാടി ഡിപ്പോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചുമായിരുന്നു സമരം. തുടര്‍ന്ന് സമരക്കാര്‍ എ.ടി.ഓയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജപ്പെടുകയായിരുന്നു. ഇതോടെ ലോക്കല്‍ സര്‍വിസുകള്‍ നടത്തിയ ശേഷം മതി തിരുവനന്തപുരത്തേക്കുള്ള സര്‍വിസ് എന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ 4.15ന്റെ മാനന്തവാടി തിരുവനന്തപുരം ബസ് ഡിപ്പോയില്‍ വെച്ച് ഉപരോധിച്ചു. തുടര്‍ന്ന് വീണ്ടും സി.ഐ മണിയുടെ നേതൃത്വത്തില്‍ എ.ടി.ഒയുമായി ചര്‍ച്ച നടത്തിയെങ്കിലും ഇതും പരാജപ്പെടുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ ഉപരോധം തുടരുകയും പിന്നീട് ബലം പ്രയോഗിച്ച് പൊലിസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരേ അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രവര്‍ത്തകര്‍ മാനന്തവാടി ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി. സമരം ഇന്നും തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. ദിവസങ്ങളായി തുടരുന്ന ഡീസല്‍ ക്ഷാമം കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയുടെ പ്രവര്‍ത്തനം താളം തെറ്റിച്ചിരിക്കുകയാണ്. 9000 ലിറ്റര്‍ ഡീസലാണ് ഡിപ്പോയിലെ ബസുകള്‍ക്ക് മാത്രം ദിനംപ്രതി വേണ്ടിവരുന്നത്. അന്യ ഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ക്ക് കൂടി ഡീസല്‍ അടിക്കേണ്ടി വരുമ്പോഴാണ് ഡീസല്‍ തികയാതെ വരുന്നത്. മറ്റ് ഡിപ്പോകളിലും സമാനമായ സ്ഥിതിയാണ് ഉള്ളത്. മൈസൂരിലെ ഐ.ഒ.സി പ്ലാന്റില്‍ നിന്നാണ് മാനന്തവാടി ഡിപ്പോയിലേക്ക് ഡീസല്‍ കൊണ്ടുവന്നിരുന്നത്. കുടിശ്ശികയായതോടെയാണ് ഐ.ഒ.സി എണ്ണ നല്‍കാതായത്. ഇതോടെ ദിനംപ്രതിയുള്ള കളക്ഷനെ ആശ്രയിച്ചാണ് എണ്ണ വില അടയ്ക്കുന്നത്. ഡീസല്‍ ക്ഷാമം പരിഹരിച്ച് സര്‍വിസുകള്‍ കൃത്യമാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം. സമരത്തിന് കോണ്‍ഗ്രസ് നേതാക്കളായ എം.ജി ബിജു, എക്കണ്ടി മൊയ്തുട്ടി, ഡെന്നീസണ്‍ കണിയാരം, എ.എം നിഷാന്ത്, മുജീബ് കോടിയോട്, സണ്ണി ചാലില്‍, എം.പി ശശികുമാര്‍, ശാന്ത വിജയന്‍, ഷംസീര്‍ അരണപ്പാറ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."