ആന്തൂര്‍ ആത്മഹത്യ: ബഹ്‌റൈനിലെ ലോക കേരള സഭാംഗങ്ങള്‍ രാജിവച്ചു
മനാമ: പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ബഹ്‌റൈനിലെ രണ്ട് ലോക കേരള സഭാംഗങ്ങള്‍ അംഗത്വം രാജിവച്ചു. ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍, ഒ.ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം എന്നിവരാണ് രാജിവച്ചത്.
പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു ലോക കേരള സഭയെ നോക്കിക്കണ്ടിരുന്നതെന്നും അതു കൊണ്ടായിരുന്നു കക്ഷി രാഷ്ട്രീയ ഭേദമന്യേ അതിനോട് സഹകരിച്ചതെന്നും എസ്.വി ജലീല്‍ ഇവിടെ മാധ്യമങ്ങളെ അറിയിച്ചു.
ഭരിക്കുന്ന രാഷ്ട്രീയക്കാരുടെ പിടിവാശിക്കു മുന്നില്‍ സ്വന്തം സംരംഭം ഉപേക്ഷിക്കേണ്ടി വന്ന സുഗതനും അതുപോലെ തന്നെ ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമളയുടെ പിടിവാശിമൂലം ആത്മഹത്യ ചെയ്ത സാജന്റെ സംഭവത്തിലും കുറ്റവാളികളായവരെ ന്യായീകരിക്കുന്ന ഭരണകൂടത്തിന് കീഴില്‍ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അധികാരം ഉപയോഗിച്ച് കുറ്റക്കാരായ പ്രതികളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലോക കേരള സഭയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി രാജു കല്ലുംപുറവും അറിയിച്ചു.
കഴിഞ്ഞദിവസം ലോക കേരള സഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം രമേശ് ചെന്നിത്തല രാജിവച്ചതിനു പിന്നാലെയാണ് പ്രവാസ ലോകത്തെ സംഘടനാ നേതാക്കളും രാജി സന്നദ്ധതയുമായി മുന്നോട്ടുവന്നത്. കുവൈത്തിലെ ഒ.ഐ.സി.സി അധ്യക്ഷന്‍ വര്‍ഗീസ് പുതുക്കുളങ്ങരയും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."