പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ കീഴ്ഭാഗം കൈയേറാന്‍ ശ്രമം
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേല്‍പ്പാലത്തിനു കീഴെ തൂണുകള്‍ക്കിടയിലെ സൗകര്യം കൈയേറി കുത്തകയാക്കി വയ്ക്കാന്‍ ശ്രമമെന്ന് ആക്ഷേപം. പരാതി ഉയര്‍ന്നതോടെ വളപട്ടണം പൊലിസ് ഇടപ്പെട്ടു. പാലത്തിന്റെ താഴെ ഓരോ തൂണുകള്‍ക്കും ഇടയില്‍ 10 മീറ്റര്‍ ദൈര്‍ഘ്യത്തിലും അഞ്ച് മീറ്ററോളം വീതിയിലുമുള്ള ഭാഗം റോഡ് നവീകരണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും ഇരുഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് സുഗമമായി കടന്നുപോകുന്നതിനും ഇത് ജനങ്ങള്‍ക്ക് സൗകര്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ചില ഭാഗങ്ങളില്‍ അത്തരം സൗകര്യം ഓട്ടോസ്റ്റാന്റാക്കി മാറ്റുന്ന രീതിയില്‍ ചുവരെഴുത്ത് സ്ഥാപിച്ചത്. കൂടാതെ അത്തരം സ്ഥലങ്ങളില്‍ അന്യവാഹനങ്ങള്‍ പര്‍ക്ക് ചെയ്യരുതെന്നും ബോര്‍ഡ് എഴുതിയതോടെയാണ് ആക്ഷേപം ഉയര്‍ന്നത്.
സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ രോഗികളെ എത്തിക്കുന്ന വാഹനങ്ങള്‍ പോലും സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നത് എതിര്‍ത്തതോടെയാണ് വളപട്ടണം പൊലിസ് ഇടപ്പെട്ടത്.
പൊതു ടാക്സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സൗകര്യമൊരുക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍, പൊലിസ് അധികാരികള്‍ എന്നിവരുടെ അനുമതി വാങ്ങി മാത്രമേ പൊതുസ്ഥലങ്ങളില്‍ ടാക്സി പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താവൂ എന്ന ചട്ടം നിലവിലുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പാലത്തിന്റെ അടിഭാഗത്ത് പാര്‍ക്കിങ് സ്ഥലമായി സ്ഥാപിച്ച ചുവരെഴുത്തുകള്‍ അടിയന്തരമായും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി വളപട്ടണം സി.ഐ എം. കൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."