ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ തെരഞ്ഞെടുപ്പ്: ഭൂരിപക്ഷം നേടാനാകാതെ ഇമ്രാന്‍ഖാന്റെ പാര്‍ട്ടി
ഇസ്‌ലാമാബാദ്: പാക് അധീന കശ്മിരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫിന് (പി.ടി.ഐ) ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല.
23 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒന്‍പതു സീറ്റിലാണ് പി.ടി.ഐ ജയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ പിന്തുണ വേണ്ടിവരും. ഏഴു സ്വതന്ത്രരാണ് ജയിച്ചുകയറിയത്.
പി.പി.പി നാലു സീറ്റില്‍ ജയിച്ചപ്പോള്‍ നവാസ് ശരീഫിന്റെ മുസ്‌ലിംലീഗിന് രണ്ടു സീറ്റേ ലഭിച്ചുള്ളൂ. ജംഇയ്യത്ത് ഉലമായെ ഇസ്‌ലാം-ഫാസില്‍, മജ്‌ലിസ് വഹ്ദത്തുല്‍ മുസ്‌ലിമീന്‍ എന്നിവ ഓരോ സീറ്റ് വീതവും നേടിയെന്ന് ദുന്‍യാ ടി.വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പി.ടി.ഐക്ക് എട്ടു സീറ്റിലേ ജയിക്കാനായുള്ളൂവെന്ന് ജിയോ ടി.പി പറയുന്നു. സ്വതന്ത്രര്‍-6, പി.പി.പി-5 എന്നിങ്ങനെയാണ് അവരുടെ റിപ്പോര്‍ട്ടിലുള്ളത്. 24 സീറ്റില്‍ ഒന്നിലെ വോട്ടിങ് സ്ഥാനാര്‍ഥി മരിച്ചതു കാരണം നീട്ടിവയ്ക്കുകയായിരുന്നു. നാലു വനിതകളുള്‍പ്പെടെ 330 സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. ഭീകരരുടെ ഭീഷണിയുള്ളതിനാല്‍ 15,000 സുരക്ഷാ സൈനികരെയാണ് തെരഞ്ഞെടുപ്പിന് നിയോഗിച്ചത്. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നിട്ടില്ല.
പരമ്പരാഗതമായി രാജ്യത്തെ ഭരണകക്ഷിയാണ് ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ ജയിക്കാറുള്ളത്. ആദ്യ തെരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ ജയിച്ച പി.പി.പി നേടിയപ്പോള്‍ 2015ല്‍ പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് 16 സീറ്റില്‍ ജയിച്ചു.
അതേസമയം ലഡാക്കിന്റെയും ജമ്മുകശ്മിരിന്റെയും ഭാഗമായാണ് ഇന്ത്യ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനെ കാണുന്നത്. ഇവിടെ തെരഞ്ഞെടുപ്പ് നടത്തിയ പാക് നടപടിയെ ഇന്ത്യ വിമര്‍ശിച്ചു. 2018ല്‍ പാക് സുപ്രിം കോടതിയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ നിയമഭേദഗതി നടത്തുന്നതിന് പാക് സര്‍ക്കാരിന് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."