പഴകിയ ഭക്ഷണസാധനം സൂക്ഷിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി
കോഴിക്കോട്: കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഇന്നലെ 17ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. സിവില്‍ സ്റ്റേഷന്‍ മുതല്‍ ചെലവൂര്‍ വരെയുള്ള വിവിധ ഹോട്ടലുകളിലും കൂള്‍ബാറുകളിലുമാണു പരിശോധന നടത്തിയത്.
പരിശോധനയില്‍ ഭൂരിഭാഗം ഹോട്ടലുകളിലും പഴകിയ ഭക്ഷണം ഫ്രീസറിലും മറ്റും സൂക്ഷിക്കുന്നതായി കണ്ടെത്തി. പത്തു സ്ഥാപനങ്ങളില്‍ നിന്നു വില്‍പനയ്ക്കായി സൂക്ഷിച്ച പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. സ്ഥാപനങ്ങള്‍ക്കു പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ കെ.എല്‍ റസ്റ്റോറന്റ്, വിരിപ്പില്‍ റോഡ് ഹജ്ജുട്ടി ടീ ഷോപ്പ്, പള്ളിത്താഴം ഒജിന്‍ ബേക്കിങ് യൂനിറ്റ്, സിവില്‍ സ്റ്റേഷന്‍ ഇന്ത്യന്‍ റസ്റ്റോറന്റ്, മലാപറമ്പ് ഹോട്ടല്‍ സംഗമം, സിവില്‍ സ്റ്റേഷനിലെ ലയണ്‍ ടീ ഷോപ്, എം.ജി കൂള്‍ബാര്‍, കാരപറമ്പിലെ ഹോട്ടല്‍ ഗ്രീന്‍സ്, വെള്ളിമാട്കുന്ന് ഹോട്ടല്‍ വിന്നേഴ്‌സ്, മൂഴിക്കല്‍ ഈസ്റ്റ് ഹോട്ടല്‍ തനിമ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണു പിഴ ചുമത്തിയത്.
പഴകിയ ചപ്പാത്തി, ചിക്കന്‍ ഫ്രൈ, ചോറ്, തൈര്, പാല്‍, കേടായ എണ്ണ തുടങ്ങിയ സാധനങ്ങളാണു പിടിച്ചെടുത്തു നശിപ്പിച്ചത്. ഇവയ്ക്കു പുറമെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടിസും നല്‍കി. വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരുംദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്നും കോര്‍പറേഷന്‍ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് അറിയിച്ചു.
റെയ്ഡിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.കെ മോഹന്‍ദാസ്, പി.എസ് സന്തോഷ്‌കുമാര്‍, ജെ.എച്ച്.ഐമാരായ കെ.കെ മനോജ്, സുജിത്ത് റോയ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."