പാര്‍ട്ടി അറിയാതെ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആശുപത്രിക്കച്ചവടം
കൊല്ലം: ചാത്തന്നൂര്‍ എം.എല്‍.എ ജയലാലിന്റെ നേതൃത്വത്തിലുള്ള ആശുപത്രിക്കച്ചവടം വിവാദത്തില്‍. സംഭവത്തില്‍ സി.പി.ഐ സംസ്ഥാന നേതൃത്വം ജില്ലാഘടകത്തോട് വിശദീകരണംതേടി.
കൊല്ലം ജില്ലക്കാരനും ലോകപ്രശസ്ത താക്കോല്‍ദ്വാര ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. ബൈജു സേനാധിപന്‍ ഡയരക്ടറായ കൊട്ടിയത്തെ അഷ്ടമുടി ആശുപത്രിയാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വന്തമാക്കിയത്. പാര്‍ട്ടി അറിയാതെ ആറ് കോടിയോളം രൂപ നല്‍കിയാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സഹകരണ സംഘമുണ്ടാക്കി ആശുപത്രി സ്വന്തമാക്കിയത്. സി.പി.ഐ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സി. അച്യുതമേനോന്റെ പേരിലുള്ള സഹകരണ ആശുപത്രി ഏറെനാളായി പൂട്ടിക്കിടക്കുമ്പോള്‍ ഇത് പുനരുദ്ധരിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ജയലാലിന്റെ നേതൃത്വത്തില്‍ ആശുപത്രി സ്വന്തമാക്കിയത്.
അഷ്ടമുടി ആശുപത്രി നഷ്ടത്തിലായതോടെ ഉടമ ഓഹരിവില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ചേര്‍ന്ന ഓഹരി ഉടമകളുടെ യോഗത്തില്‍ വച്ച് ഡോ. ബൈജു സേനാധിപന്‍ 51 ശതമാനം ഓഹരി വാങ്ങാന്‍ തീരുമാനിക്കുകയും രണ്ടുകോടി നല്‍കാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. അതിനിടെ, ഡോക്ടര്‍ ബൈജു സേനാധിപനെ കമ്പനിയുടെ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നീക്കം മറുവശത്ത് ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടറെ കള്ളക്കേസില്‍ കുടുക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.
മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന എന്‍. അനിരുദ്ധനെ ഒഴിവാക്കിയാണ് ജയലാലിന് ചാത്തന്നൂരില്‍ സീറ്റ് നല്‍കിയത്. ഇത് പാര്‍ട്ടിയില്‍ ഏറെ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പോര് ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ചാത്തന്നൂര്‍ എം.എല്‍.എയുടെ ആശുപത്രി വിവാദവും കൊല്ലത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്.
പാര്‍ട്ടി അറിയാതെ സഹകരണസംഘമുണ്ടാക്കി ആശുപത്രി സ്വന്തമാക്കിയതും ഡോക്ടറെ കള്ളക്കേസില്‍ കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ എം.എല്‍.എക്ക് പങ്കുണ്ടെന്ന ആരോപണവും കൊല്ലത്തെ സി.പി.ഐയില്‍ വരുംദിവസങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."