മര്‍മംനോക്കി പ്രഹരം; ട്രോളന്മാര്‍ പണി തുടങ്ങി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചൂട് പിടിച്ചതോടെ സൂക്ഷ്മനിരീക്ഷണവും മര്‍മം നോക്കിയുള്ള വിമര്‍ശനങ്ങളുമായി ട്രോളന്‍മാരും രംഗത്തെത്തി. തെരഞ്ഞെടുപ്പ് മേളയിലെ പതിവുകാഴ്ചകളായ കാലുമാറ്റം, കാലുവാരല്‍, വിമത നീക്കം തുടങ്ങിയ സംഗതികളൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയകളില്‍ ട്രോളുകള്‍ക്ക് വിഷയമായിക്കഴിഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും പയറ്റിത്തുടങ്ങിയ അടവുകള്‍ക്ക് കുറിക്കുകൊള്ളുന്ന ഹാസ്യശരങ്ങളാണ് ട്രോള്‍ സംഘ്, ഐ.സി.യു, ട്രോള്‍ മലയാളം, സംഘി ഫലിതങ്ങള്‍ തുടങ്ങിയ ട്രോള്‍ടീമുകള്‍ സോഷ്യല്‍മീഡിയില്‍ എയ്തുവിടുന്നത്.
ബി.ജെ.പിക്ക് ഭരണം ലഭിച്ചാല്‍ തിരുവനന്തപുരത്തെ വാരണാസിയാക്കി മാറ്റുമെന്ന ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവനയുടെ പത്തി നോക്കിത്തന്നെ ട്രോളന്‍മാര്‍ വീക്കിയിട്ടുണ്ട്. ഹാന്‍സ് വായില്‍ തിരുകി തുപ്പി തുപ്പി നടക്കുന്നത് അവിടെയൊരു കുറ്റമല്ലെന്ന് കെ. സുരേന്ദ്രന്‍ പറയുന്നതായുള്ള ട്രോള്‍സംഘ് ടീമിന്റെ പ്രഹരം നവമാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റെടുത്തിരുന്നു. കൈപ്പത്തി ചിഹ്നത്തില്‍ വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ഥി ഒറ്റ രാത്രി കൊണ്ട് ബി.ജെ.പിയിലേക്ക് കാലുമാറിയതും ട്രോളന്‍മാര്‍ ആഘോഷിച്ചു. രാത്രി 10.16നാണ് പിള്ളേച്ചന്‍ ബി.ജെ.പി ആയതെന്ന മീശമാധവന്‍ സിനിമയില്‍ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രം പറയുന്നതായുള്ള ട്രോള്‍ കാലുമാറിയവരെ വരെ ചിരിപ്പിച്ചു. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് ബി.ജെ.പിക്ക് വോട്ടഭ്യര്‍ഥിച്ചതും ട്രോളന്‍മാര്‍ ഏറ്റെടുത്തു. ആ പേജ് തന്നെ ഒരു ട്രോളായിരുന്നുവെങ്കിലും ട്രോള്‍സംഘ് ടീം അതിനും ട്രോളിറക്കി. ബി.ജെ.പിക്ക് വോട്ടഭ്യര്‍ഥിച്ച വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ഫേസ്ബുക്ക് പേജില്‍ പെട്ടെന്ന് ഒരു ചാണകത്തിന്റെ ഗന്ധം. മുഖംമൂടി വലിച്ചൂരിയപ്പോള്‍ കണ്ടത് അണ്ടിമുക്ക് ശാഖ സൈബര്‍ സെല്ലിന്റെ ചമ്മിയ മുഖം..! ശാഖാഭാരവാഹി ധ്വജപ്രണാമം എന്നു പറയുന്നിടത്ത് സോഷ്യല്‍മീഡിയ ചിരിച്ചുമറിഞ്ഞു. അഴിമതിക്കെതിരേ വോട്ട് അഭ്യര്‍ഥിച്ച് യു.ഡി.എഫും വികസത്തുടര്‍ച്ചക്ക് വോട്ടഭ്യര്‍ഥിച്ച് എല്‍.ഡി.എഫും മത്സരിക്കുമ്പോള്‍ 'മാറ്റം വരണം..ബി.ജെ.പി വരണം' എന്ന മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥികളെയും ട്രോളന്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."