മോദി അടുപ്പക്കാരനായ രണ്ടാമനെതിരേ പത്രക്കുറിപ്പ്
ന്യൂഡല്‍ഹി: സി.ബി.ഐയില്‍ ഒന്നാമനും രണ്ടാമനും തമ്മിലുള്ള പോര് മറനീക്കി പുറത്ത്. ഒന്നാമനായ സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായ സ്‌പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനക്കെതിരേ പത്രക്കുറിപ്പ് ഇറക്കി.
അസ്താനയ്‌ക്കെതിരേ ആറു കേസുകളില്‍ സി.ബി.ഐ അന്വേഷണം നടത്തിവരികയാണെന്ന് കഴിഞ്ഞദിവസം ഏജന്‍സി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സി.ബി.ഐ ഡയരക്ടര്‍ ആലോക് വര്‍മയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയാണ് അസ്താനയെന്നും ഡയരക്ടര്‍ക്കെതിരേ അടിസ്ഥാനമില്ലാത്ത പരാതികള്‍ അസ്താന കേന്ദ്രസര്‍ക്കാരിനും കേന്ദ്ര വിജിലന്‍സ് കമ്മിഷനും (സി.വി.സി) നല്‍കുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
2016 ഡിസംബര്‍ രണ്ടിനാണ് സി.ബി.ഐയുടെ ഇടക്കാല ഡയരക്ടറായി രാകേഷ് അസ്താനയെ നിയമിച്ചത്. അന്നത്തെ ഡയരക്ടറായിരുന്ന അനില്‍ സിന്‍ഹ വിരമിക്കാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ തല്‍സ്ഥാനത്തേക്കു സാധ്യതകല്‍പ്പിക്കപ്പെട്ടിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആര്‍.കെ ദത്തയെ മാറ്റിയായിരുന്നു നിയമനം.
സീനിയോറിറ്റി പ്രകാരം ദത്തയായിരുന്നു ഡയരക്ടറാകേണ്ടിയിരുന്നത്. ഇത് തടയുന്നതിനു വേണ്ടി അദ്ദേഹത്തെ സ്ഥലംമാറ്റിയ ശേഷമായിരുന്നു അസ്താനയെ മേധാവിയാക്കിയത്. നിയമപ്രകാരം മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ സേവനം വെട്ടിച്ചുരുക്കുന്നതിന് മുന്‍പ് സി.വി.സി, വിജിലന്‍സ് കമ്മിഷണര്‍മാര്‍, ആഭ്യന്തരമന്ത്രാലയ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയുടെ അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ ഇതെല്ലാം അസ്താനയുടെ നിയമനത്തിനായി കാറ്റില്‍പ്പറത്തുകയായിരുന്നു.
രാകേഷിന്റെ നിയമനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു.
നിയമനം നടന്ന മാസങ്ങള്‍ക്കകം തന്നെ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഏജന്‍സിയുടെ നടപടികളില്‍ അസ്താന ഇടപെടുകയാണെന്ന ആരോപണം ഉയരുകയുണ്ടായി. തനിക്കെതിരെ സി.ബി.ഐ മുന്‍പാകെയുള്ള കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനും അസ്താന ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്. സി.ബി.ഐയില്‍ ഡയരക്ടറെയും മറികടക്കുന്ന സമാന്തര അധികാരകേന്ദ്രമായി അസ്താന മാറുന്നതിനെതിരേ നേരത്തെയും അലോക് വര്‍മ രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."