എസ്.ഷാനവാസ് തൃശൂര്‍ കലക്ടര്‍
തിരുവനന്തപുരം: കോഓപറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാര്‍ എസ്. ഷാനവാസിനെ തൃശൂര്‍ ജില്ലാ കലക്ടറായി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ കലക്ടര്‍ അനുപമ അവധിയില്‍ പോകുന്ന ഒഴിവിലാണ് നിയമം. പി.കെ ജയശ്രീയായിരിക്കും ഇനി കോഓപറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാര്‍. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന് നിലവിലുള്ള ചുമതലകള്‍ക്കുപുറെമ കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയരക്ടറുടെ അധിക ചുമതല നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് നിലവിലുള്ള ചുമതലകള്‍ക്കുപുറമെ റവന്യൂ (ദേവസ്വം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാനും കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയരക്ടര്‍ ഡോ. ഷര്‍മിള മേരി ജോസഫിനെ ആയുഷ് വകുപ്പ് സെക്രട്ടറിയായി നിയമിക്കാനും തീരുമാനിച്ചു. കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ മാനേജിങ് ഡയരക്ടറുടെ ചുമതല കൂടി ഷര്‍മിള വഹിക്കും.
ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് നിലവിലുള്ള ചുമതലകള്‍ക്കുപുറമെ സിവില്‍ സപ്ലൈസ് കമ്മിഷണറുടെ ചുമതല കൂടി നല്‍കാനും പട്ടികജാതി വികസന വകുപ്പ് ഡയരക്ടര്‍ അലി അസ്ഗര്‍ പാഷയെ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പിന്നോക്ക വിഭാഗ വികസന വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുടെയും പട്ടികജാതി വികസന വകുപ്പ് ഡയരക്ടറുടെയും ചുമതലകള്‍കൂടി അദ്ദേഹം വഹിക്കും.
ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ സി.എ ലതക്ക് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കാനും ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് യു.വി ജോസിന് വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ഡയരക്ടറുടെ അധിക ചുമതല നല്‍കാനും തീരുമാനിച്ചു.
കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയരക്ടര്‍ ഡോ.എ. കൗശിഗന് ജലനിധി എക്‌സിക്യൂട്ടീവ് ഡയരക്ടറുടെ അധിക ചുമതല നല്‍കാനും എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് ഡയരക്ടര്‍ വീണാ മാധവന് അസാപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല നല്‍കാനും തീരുമാനിച്ചു.കൊല്ലം സബ് കലക്ടര്‍ എ. അലക്‌സാണ്ടറിനെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷനായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."