ട്രംപ് ഇനിയും തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പേര്‍ മരിച്ചുവീഴും: ജോ ബൈഡന്‍
വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയാറായില്ലെങ്കില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ചുവീഴുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
അധികാര കൈമാറ്റത്തിന് ട്രംപ് തയാറാവാതിരിക്കുകയും കൊവിഡ് പ്രതിരോധത്തില്‍ സഹകരിക്കാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തെ പൗരന്‍മാരെ മരണത്തിലേക്ക് നയിക്കും.
കടുത്ത ശൈത്യകാലമാണ് വരാനിരിക്കുന്നത്. രോഗനിര്‍മാര്‍ജനത്തിനുള്ള നടപടികള്‍ ഇപ്പോള്‍ എടുത്തില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും- ബൈഡന്‍ പറഞ്ഞു.
അധികാരം കൈമാറാന്‍ ട്രംപ് വിസമ്മതിക്കുന്നത് പ്രസിഡന്റ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നും രാജ്യത്തിന് നാണക്കേടാണെന്നും ബൈഡന്‍ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് താനാണെന്ന് പ്രഖ്യാപിച്ച് ട്രംപ് വീണ്ടും രംഗത്തെത്തിയതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ വിജയം അംഗീകരിക്കാതെ പ്രതിഷേധവുമായി ട്രംപ് അനുകൂലികള്‍ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ജോ ബൈഡന്റെ വിജയം ചോദ്യംചെയ്തുകൊണ്ടുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് ആരോപിക്കുന്നത്. അതിനിടെ ജനുവരി 20ന് അധികാരമേല്‍ക്കുന്നതിനു മുന്നോടിയായി ബൈഡന്‍ ഭരണകൂടത്തില്‍ ആര്‍ക്കെല്ലാം എന്തെല്ലാം തസ്തികകള്‍ നല്‍കണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."