സ്കൂള്‍ ബസുകള്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നു; നാട്ടുകാര്‍ ബസുകള്‍ തടഞ്ഞു
പള്ളിക്കല്‍: വീതി കുറഞ്ഞ റോഡിലൂടെ സ്ഥിരമായുള്ള സ്കൂള്‍ ബസുകളുടെ സര്‍വീസ് റോഡില്‍ ഗതാഗതകുരുക്കുണ്ടാക്കുന്നതായി ആക്ഷേപം. പ്രതിഷേധ സൂചകമായി നാട്ടുകാര്‍ സ്കൂള്‍ബസുകള്‍ തടഞ്ഞു.
ചേലേമ്പ്ര ഇടിമുഴിക്കലിലെ ഒരു സ്വകാര്യ സ്കൂളിന്റെ ബസുകളാണ് പഞ്ചായത്ത് റോഡില്‍ ഒരു വിഭാഗം നാട്ടുകാര്‍ തടഞ്ഞത്. വീതി കുറഞ്ഞ റോഡിലൂടെ ബസുകളുടെ സ്ഥിരമായുള്ള സര്‍വീസ് പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം.
മിനിബസ്, ടെംബോ ട്രാവലര്‍ അടക്കമുള്ള നാല്പതോളം വാഹനങ്ങളാണ് ദിനേനെ രാവിലെയും വൈകന്നേരവും ഇതുവഴി സര്‍വീസ് നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ പന്ത്രണ്ടോളം ബസുകളാണ് തടഞ്ഞിട്ടത്. ഇതിനെ തുടര്‍ന്ന് ആറ് ബസുകളിലെ വിദ്യാര്‍ഥികള്‍ നടന്നും മറ്റു ചെറിയ വാഹനങ്ങളിലുമാണ് സ്കൂളിലെത്തിയത്. മറ്റുള്ള കുട്ടികള്‍ ദേശീയപാതയോരത്തും ബസിലും നിന്നു.
തേഞ്ഞിപ്പലം എ.എസ്.ഐ കെ സുരേഷ്കുമാര്‍, ഉദയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് രമ്യതയിലെത്തിയതിനു ശേഷമാണ് ബസുകള്‍ക്ക് പോകാനായത്. പ്രശ്ന പരിഹാരത്തിനായി ഉച്ചയ്ക്ക് ശേഷം തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനില്‍ സ്കൂള്‍ അധികൃതരുമായും ബസ് ജീവനക്കാരുമായും പൊലിസ് ചര്‍ച്ച നടത്തി. രാവിലെ സ്കൂളിലെത്തുന്ന ബസുകള്‍ ദേശീയപാത നിസ്രി ജങ്ഷന് വഴിയുള്ള റോഡിലൂടെ പോകാനും വൈകുന്നേരങ്ങളില്‍ സാധാരണ റൂട്ടില്‍ പോകാനും തീരുമാനമാക്കി.
15 ദിവസത്തേക്കാണ് താല്‍ക്കാലിക തീരുമാനം. സ്കൂള്‍ മാനേജ്മെന്റ് ഇടപെട്ട് റോഡ് വീതികൂട്ടുന്ന കാര്യം ആലോചിക്കണമെന്നും പ്രശ്നപരിഹാരത്തിനായി പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."