അനില്‍ മാധവ് ദവെയുടെ മൃതദേഹം നര്‍മദാ തീരത്ത് സംസ്‌കരിച്ചു
ഭോപാല്‍: അന്തരിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെയുടെ മൃതദേഹം പൂര്‍ണമായും സര്‍ക്കാര്‍ ബഹുമതികളോടെ നര്‍മദാ നദീ തീരത്ത് സംസ്‌കരിച്ചു. മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലെ ബന്ധര്‍ബനിലാണ് സംസ്‌കാരചടങ്ങുകള്‍ നടന്നത്.
അനില്‍ ദവെയുടെ കൂടി താല്‍പര്യപ്രകാരമാണ് നര്‍മദാ തീരത്ത് മൃതദേഹം സംസ്‌കരിച്ചത്. പരിസ്ഥിതി സ്‌നേഹിയായിരുന്ന മന്ത്രി നര്‍മദാ നദിയുമായി അടുത്ത ഹൃദയബന്ധം കാത്തുസൂക്ഷിച്ചിരുന്നയാള്‍ കൂടിയായിരുന്നു. സഹോദരനും അനന്തരവനും ചേര്‍ന്നാണ് മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍, കേന്ദ്ര മന്ത്രിമാരായ ഹര്‍ഷ് വര്‍ധന്‍, ഉമാ ഭാരതി, ആനന്ദ് കുമാര്‍, നരേന്ദ്ര സിങ് തോമര്‍, തവാര്‍ ചന്ദ് ഗെഹ്‌ലോട്ട്, ആര്‍.എസ്.എസ് നേതാക്കളായ ബൈയ്യാജി ജോഷി, ദത്താത്രേയ ഹോസ്‌ബോല്‍, സുരേഷ് സോണി, ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു.
പരിസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിച്ച അനില്‍ മാധവിനുള്ള ആദരമായി ചത്തിസ്ഗഢ് സര്‍ക്കാര്‍ സംസ്ഥാനത്തെ 41 ഹെക്ടര്‍ വനപ്രദേശത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കി. ചത്തിസ്ഗഢ് മുഖ്യമന്ത്രി ഡോ. രമണ്‍ സിങ്ങാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ ദുര്‍ഗ് മേഖലയിലെ വനപ്രദേശത്തിനാണ് അനില്‍ മാധവിന്റെ പേര് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."