ജയില്‍ ചാടിയ വനിതകള്‍ക്കായി പൊലിസിന്റെ ലുക്ക് ഔട്ട് നോട്ടിസ്
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് ചയില്‍ചാടിയ രണ്ടുപേരെക്കുറിച്ചും ഒരു വിവരവുമില്ല. ഇതോടെ ഇരുവര്‍ക്കുമെതിരേ പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. കേരളത്തിലേയും തമിഴ്‌നാട്ടിലേയും എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇവരുടെ ചിത്രം വച്ച് നോട്ടിസ് ഇറക്കിയിട്ടുണ്ട്. ഇവര്‍ ട്രെയിന്‍മാര്‍ഗം സംസ്ഥാനം വിട്ടതായാണ് പൊലിസിന്റെ നിഗമനം.
പാങ്ങോട് സ്വദേശി ശില്‍പയും വര്‍ക്കല സ്വദേശി സന്ധ്യയുമാണ് കഴിഞ്ഞ ദിവസം
അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് വിദഗ്ധമായി മുരിങ്ങാമരത്തിലൂടെ കയറി രക്ഷപ്പെട്ടത്. ജാമ്യത്തിലിറക്കാന്‍ ആരുമുണ്ടായില്ല. പണമെറിഞ്ഞ് പുറത്തിറക്കാനുമുണ്ടായില്ല ആരും. ജയില്‍ ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു ഒരേ സെല്ലിലായിരുന്ന ഇവരുടെ ജയില്‍ ചാട്ടം. ഇതിന് സഹ തടവുകാരുടെയും പുറത്തുനിന്നുള്ളവരുടെയും സഹായം ലഭിച്ചതായും സംശയിക്കുന്നുണ്ട്.
ശുചിമുറിയുടെ പിറകിലായി അധികമാരും ശ്രദ്ധിക്കാത്ത ഇടം ഉണ്ടായിരുന്നു. പക്ഷേ അവര്‍ കുറേ ദിവസങ്ങളായി ആ ഇടത്തെയായിരുന്നു ശ്രദ്ധിച്ചിരുന്നതെന്നു മാത്രം. ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയില്‍ ഡിഐജി സന്തോഷ് അന്വേഷിക്കുന്നുണ്ടെങ്കിലും തുമ്പൊന്നും കിട്ടിയിട്ടില്ല.
തിരുവനന്തപുരം പാങ്ങോട് സ്വദേശിയാണ് ശില്‍പ. ജോലിക്ക് നിന്ന വീട്ടിലെ ഉടമയുടെ മോതിരം മോഷ്ടിച്ചെന്ന കുറ്റത്തിനാണ് ഇവരേ അറസ്റ്റ് ചെയ്തത്. സന്ധ്യയാകട്ടെ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിന് അറസ്റ്റിലായതാണ്. തിരുവനന്തപുരം വര്‍ക്കല സ്വദേശി. ഇരുവരും ദരിദ്രകുടുംബത്തിലുള്ളവരാണ്. റിമാന്‍ഡ് പ്രതികളാണ് രണ്ട് പേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."