ബസുകള്‍ തകര്‍ത്തതും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍
മൂന്നു പേര് അറസ്റ്റില്‍
കാസര്‍കോട്: പശുക്കടത്ത് ആരോപിച്ച് രണ്ടുപേരെ ആക്രമിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാന അതിര്‍ത്തിയായ അഡിയനടുക്കയില് ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തിന് പിന്നിലും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. കേരള - കര്‍ണാകട ബസുകള്‍ക്ക് കല്ലെറിഞ്ഞ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. വിട്ട്ള കാര്യാടിയിലെ പുനീത് (20), മംഗല്പദവിലെ ഗുരുപ്രസാദ്(20), കേപുമൈരയിലെ കിരണ്‍ രാജ്(24) എന്നിവരെയാണ് വിട്ട്ള പൊലിസ് അറസ്റ്റ് ചെയ്തത്.
അക്രമം ഉണ്ടായതിനു പിന്നാലെ ഇരു സംസ്ഥാനങ്ങളുടെയും ഏഴോളം ബസുകള്‍ തകര്‍ത്തത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പൊലിസും വ്യക്തമാക്കി. പശുക്കടത്ത് ആരോപിച്ച് രണ്ട് പേരെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ അക്ഷയ് രാജ്പുട്ടിന്റെ അനുയായികളാണ് അറസ്റ്റിലായവരെന്നാണ് സൂചന. അക്ഷയ് രാജ്പുട്ട് നേരത്തെയും പശുക്കടത്ത് ആരോപിച്ച് അക്രമം നടത്തിയ കേസിലെ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ബസുകള്‍ ആക്രമിച്ച മറ്റുപ്രതികളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന് ഹംസ (40), സഹായി അല്‍ത്താഫ് (30) എന്നിവര്‍ അക്രമത്തിനിരയായത്. പശുവിനെയും കിടാവിനെയും കടത്തുകയാണെന്നു ആരോപിച്ചു ഇവരെ ആക്രമിച്ച സംഘം പശുക്കള്‍ ഉള്‍പ്പെടെ വാഹനവും അന്‍പതിനായിരം രൂപയും തട്ടിയെടുത്തിരുന്നു. ഇതിന് അടുത്ത ദിവസം രാവിലെയാണ് സംസ്ഥാന അതിര്‍ത്തിയില്‍വച്ച് ഒരു സംഘം ആളുകള്‍ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞത്.
ഇതിനിടെ കേരള പൊലിസ് അക്രമികള്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് വിട്ട്ളയില്‍ ബജ്റംഗ്ദള്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി യാത്രക്കാരെ വലക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."