അന്തര്‍സംസ്ഥാന ബസ് സമരം പൊളിയുന്നു
കോഴിക്കോട്: അന്തര്‍സംസ്ഥാന ബസ് സമരത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ പൊളിഞ്ഞതോടെ നേരിടാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഇനി ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. സമരം നേരിടാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ യാത്രാ ദുരിതവും കുറഞ്ഞിട്ടുണ്ട്. സമരം നീട്ടിക്കൊണ്ടുപോകുന്നത് ഗുണകരമാകില്ലെന്നാണ് ബസുടമകളും കരുതുന്നത്.
സംസ്ഥാനത്ത് 400 ഓളം ബസുകളാണ് സര്‍വിസ് നിര്‍ത്തിവച്ച് സമരം ചെയ്യുന്നത്. ഇതില്‍ മലബാര്‍ മേഖലയില്‍ 100ല്‍ പരം ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. സമരത്തെ തുടര്‍ന്ന് ഈ ബസുകളുടെ പാര്‍ക്കിങ് പോലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ്. ഇതിന് ദിവസവാടകയും നല്‍കണം. സമരം തുടരുന്നത് ഭീമമായ നഷ്ടമാണെന്നാണ് ഒരു വിഭാഗം ഉടമകള്‍ പറയുന്നത്. ചില ബസുടമകള്‍ ഓണ്‍ലൈനില്‍ ബുക്കിങ് നടത്തുന്നുമുണ്ട്. എന്നാല്‍ ഇത് ബുക്കിങ് അല്ലെന്നും സീറ്റുകള്‍ റദ്ദാകുന്ന മുറയ്ക്ക് ടിക്കറ്റ് കാണിക്കുന്നതാണെന്നുമാണ് സമരം നടത്തുന്നവര്‍ പറയുന്നത്.
സമരത്തെ നേരിടാന്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസുകള്‍ തുടങ്ങിയത് യാത്രക്കാര്‍ക്ക് അനുഗ്രഹമായി. നിലവില്‍ 49 ബംഗളൂരു സര്‍വിസുകളാണ് കെ.എസ്.ആര്‍.ടി.സി നടത്തുന്നത്. ഇന്നലെ മുതല്‍ തിങ്കളാഴ്ച വരെയാണ് പ്രത്യേക സര്‍വിസുകള്‍. ബംഗളൂരുവില്‍നിന്ന് ആലപ്പുഴ, ചങ്ങനാശേരി, കോട്ടയം, പയ്യന്നൂര്‍, കട്ടപ്പന, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, വടകര, തൊട്ടില്‍പാലം, തലശേരി, ബത്തേരി, എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വിസുകള്‍. നിലവിലുള്ള സര്‍വിസുകള്‍ക്ക് പുറമേയാണ് ഇതെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
ബംഗളൂരുവില്‍നിന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഏതുസമയത്തും യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് യാത്രതിരിക്കാന്‍ തയാറായി 5 ക്രൂ ബസുകളും ബംഗളൂരുവില്‍ കെ.എസ്.ആര്‍.ടി.സി സജ്ജമാക്കിയിട്ടുണ്ട്. ഈ സര്‍വിസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ ബുക്കിങ്ങും ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."