പ്രധാനമന്ത്രി പറഞ്ഞതിലെ ഒളിയജന്‍ഡകള്‍
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം പ്രധാനമായും ഉന്നംവച്ചത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഗാന്ധി പാരമ്പര്യത്തെയുമായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗം മോദിയെ വാനോളം പുകഴ്ത്തുന്നതായിരുന്നെങ്കില്‍ മോദി നടത്തിയ പ്രസംഗം ആധുനിക ഇന്ത്യയുടെ ശില്‍പിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പാതാളത്തോളം താഴ്ത്തുന്നതായി. ഇതൊരു യാദൃച്ഛിക സംഭവമാവാനിടയില്ല. ഒരാളെ ബിംബമാക്കി ഉയര്‍ത്തുകയും ഇന്ത്യയിലാകെ പടര്‍ന്നുകിടക്കുന്ന തേജസാര്‍ന്ന ഒരു വ്യക്തിത്വത്തെ ചവിട്ടിത്താഴ്ത്തുകയും ചെയ്യുക എന്നത് കൃത്യമായ തയാറെടുപ്പോടെ തന്നെയായിരിക്കണം.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ തടവറയാക്കിയതിന്റെ കളങ്കം കോണ്‍ഗ്രസിനു മായ്ച്ചുകളയാനാവില്ലെന്നും നെഹ്‌റു- ഗാന്ധി കുടുംബത്തിനു പുറത്തുള്ളവരെ കോണ്‍ഗ്രസ് ഒരുകാലത്തും അംഗീകരിച്ചിരുന്നില്ലെന്നും മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹറാവു, ഡോ. മന്‍മോഹന്‍ സിങ് എന്നിവരെ കോണ്‍ഗ്രസ് മറന്നുവെന്നും മോദി പറഞ്ഞുവയ്ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ആന്തരികമായ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടാനുള്ള തന്ത്രംകൂടി ആ വാക്കുകളിലുണ്ട്. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന്റെ അമരത്ത് ഇന്ന് ശൂന്യതയായതിനാല്‍ അതിനൊരു മറുപടി ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഉണ്ടായിട്ടുമില്ല.
ലോക്‌സഭയില്‍ ഇങ്ങനെ പറഞ്ഞ് നിര്‍ത്തിയില്ല മോദി. രാജ്യസഭയിലും നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ അദ്ദേഹം ഇതാവര്‍ത്തിച്ചു. നേരത്തെ ആസൂത്രണം ചെയ്ത ഒരു ആക്രമണം തന്നെയാണ് അദ്ദേഹത്തില്‍നിന്ന് ഉണ്ടായതെന്ന് ഇതുവഴി അനുമാനിക്കാവുന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയാതെ, വരാനിരിക്കുന്ന അഞ്ചു വര്‍ഷങ്ങളില്‍ ചെയ്തുതീര്‍ക്കേണ്ട പദ്ധതികളെക്കുറിച്ച് പറയാതെ, കോണ്‍ഗ്രസിനെയും ഗാന്ധിജിയെയും നെഹ്‌റുവിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമിച്ചത് ബോധപൂര്‍വം തന്നെയായിരിക്കണം. ഇന്ത്യന്‍ മനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മഹാത്മാ ഗാന്ധിയുടെയും ഓര്‍മകള്‍ അവിടെനിന്ന് പിഴുതെറിഞ്ഞ് പകരം സംഘ്പരിവാറിന്റെ നേതാക്കളായിരുന്ന ഹെഗ്‌ഡെവാറിന്റെയും എം.എസ് ഗോള്‍വാള്‍ക്കറുടെയും അപദാനങ്ങളും ജീവചരിത്രവും പകരമായി പ്രതിഷ്ഠിക്കുക എന്നത് സംഘ്പരിവാറിന്റെ തീരുമാനമാണ്. ഭരണത്തെ അതിനുവേണ്ടിയും കൂടിയാണ് സംഘ്പരിവാര്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ രണ്ടാമൂഴത്തിലാണ് ഇപ്പോഴത്തെ മോദി സര്‍ക്കാര്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരുപങ്കും വഹിച്ചില്ല എന്ന ചരിത്രയാഥാര്‍ഥ്യം സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം പുതിയ കാലത്ത് ഒരപമാനമാണ്. അതിനെ ഇല്ലാതാക്കണമെങ്കില്‍ മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും അതിനു ജീവാര്‍പ്പണം നടത്തിയ സ്വാതന്ത്ര്യ സമര സേനാനികളെയും അതിന്റെ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മഹാത്മാഗാന്ധിയെയും ചെറുതാക്കി കാണിക്കണം. ഹിന്ദുത്വരാഷ്ട്ര നിര്‍മിതിക്ക് സ്വാതന്ത്ര്യ സമര ചരിത്രത്തെയും അതിന്റെ മുന്നണിപ്പോരാളികളെയും ജനമനസുകളില്‍നിന്ന് തുടച്ചുനീക്കണം. കശ്മിരിന്റെ ഇന്നത്തെ അവസ്ഥയ്ക്കു നെഹ്‌റുവാണ് കാരണമെന്നും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി വരേണ്ടിയിരുന്നതെന്നും ഒരു കോണ്‍ഗ്രസുകാരനും ഗുജറാത്തിലെ പട്ടേല്‍ സ്മാരകം സന്ദര്‍ശിച്ചിട്ടില്ലെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് നെഹ്‌റു- ഗാന്ധിജി കുടുംബങ്ങള്‍ക്കെതിരേയും കോണ്‍ഗ്രസിനെതിരേയും മോദി ഇരുസഭകളിലുമായി ഉന്നയിച്ചത്.
ആദ്യമല്ല മോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ നെഹ്‌റുവിനെ ഇകഴ്ത്തുകയും വല്ലഭ് ഭായ് പട്ടേലിനെ പുകഴ്ത്തുകയും ചെയ്യുന്നത്. 2014ല്‍ അധികാരമേറ്റതു മുതല്‍ ഇതാരംഭിച്ചിട്ടുണ്ട്. 2018ല്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ പറഞ്ഞത് പട്ടേലായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ മുഴുവന്‍ കശ്മിരും ഇന്ത്യയുടേതാകുമെന്നായിരുന്നു.
ആധുനിക ഇന്ത്യയുടെ ശില്‍പി എന്ന വിശേഷണത്തില്‍നിന്ന് നെഹ്‌റുവിനെ മാറ്റി പകരം അവിടെ മോദിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടു വേണം രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തെ കാണാന്‍. അതിനു ബലം നല്‍കുന്നതായിരുന്നു മോദിയുടെ മറുപടി പ്രസംഗവും. നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ ജനാധിപത്യ മാര്‍ഗമുപയോഗിച്ചു തന്നെ ഫാസിസത്തെ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കുക എന്ന പ്രവര്‍ത്തനത്തില്‍ സംഘ്പരിവാര്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന്‍, മുഖ്യധാരാ മാധ്യമങ്ങള്‍, സുപ്രിംകോടതി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൈന്യം തുടങ്ങി രാജ്യത്തിന്റെ മര്‍മപ്രധാനങ്ങളായ സ്ഥാപനങ്ങളെയെല്ലാം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിനുള്ളില്‍ ചൊല്‍പടിക്ക് നിര്‍ത്താന്‍ സംഘ്പരിവാറിനു കഴിഞ്ഞിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ജനമനസുകളില്‍ കുടികൊള്ളുന്ന ഇന്ത്യയുടെ മഹാരഥന്മാരായ നേതാക്കളെക്കുറിച്ചുള്ള ഓര്‍മകളാണ്. അതുംകൂടി ഇല്ലാതാകുമ്പോള്‍ മാത്രമേ രാഷ്ട്രത്തെ പരിപൂര്‍ണമായും ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള നടപടികളിലേക്ക് നീങ്ങാന്‍ കഴിയൂ. നെഹ്‌റുവിനെയും ഗാന്ധിജിയെയും നിരന്തരമായി അപമാനിക്കുന്നതിലൂടെ അതാണിപ്പോള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ക്രിയാത്മകമായ പ്രതിരോധം തീര്‍ക്കേണ്ട കോണ്‍ഗ്രസാകട്ടെ, നായകനില്ലാതെ ഉഴറുകയുമാണ്. ചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട ഒരവസ്ഥയിലൂടെയാണ് ആ പാര്‍ട്ടി ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്.
നെഹ്‌റുവിനെയും ഗാന്ധിജിയെയും ഓര്‍മകളില്‍നിന്ന് മായ്ച്ചുകളയുന്നതോടെ സോഷ്യലിസം, ജനാധിപത്യം, മതനിരപേക്ഷത, സമത്വം തുടങ്ങിയവയെല്ലാം വിസ്മൃതിയിലായിക്കൊള്ളുമെന്നാണ് സംഘ്പരിവാര്‍ കണക്കുകൂട്ടുന്നത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യം അതിന്റെ അഗ്രസ്ഥാനത്താണിപ്പോള്‍. തൊഴിലില്ലായ്മ അതിരൂക്ഷമായ അവസ്ഥയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ തൊഴിലിനു വേണ്ടി അലയുകയാണിന്ന്. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ഇത്രയധികം ചെറുപ്പക്കാര്‍ തൊഴിലിനു വേണ്ടി അലഞ്ഞ ഒരുകാലം മുമ്പുണ്ടായിട്ടില്ല. ഇത്തരം പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെയൊന്നും അഭിസംബോധന ചെയ്യാതെ മോദി നടത്തിയ പ്രസംഗം ഇന്ത്യയുടെ മഹാന്‍മാരായ നേതാക്കളെ ഇകഴ്ത്താന്‍ നടത്തിയ വിഫല ശ്രമമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."