പാലാരിവട്ടം പാലം അഴിമതി: വ്യവസായ സെക്രട്ടറി മുഹമ്മദ് അനീഷിനെയും പ്രതിചേര്‍ത്തു; കൂടുതല്‍ അറസ്റ്റുണ്ടായേക്കാം
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ വ്യവസായ സെക്രട്ടറിയായ എ.പി മുഹമ്മദ് അനീഷിനെയും പ്രതിചേര്‍ത്തു. കേസില്‍ പത്താം പ്രതിയാണ് ഹനീഷ്. പാലാരിവട്ടം പാലത്തിന്റെ കരാര്‍ നല്കുമ്പോള് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന്(ആര്.ഡി.ബി.സി)എം.ഡിയായിരുന്നു അദ്ദേഹം.
പാലം നിര്‍മാണത്തിന് അനധികൃത വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നെന്നും സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നതിനുമാണ് കേസ്. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ കമ്പനിക്ക് സര്‍ക്കാര്‍ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു.
പാലം നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാര്‍ കമ്പനിയായ ആര്‍ഡിഎസ്സിന് എട്ടേക്കാല് കോടി രൂപ മുന്‍ കൂറായി നല്കാന് ശുപാര്‍ശ നല്‍കിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസില്‍ അറസ്റ്റിസായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജാണ് വിജിലന്‍സിന് മൊഴി നല്‍കിയത്.
ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ വ്യവസായ വകുപ്പ് സെക്രട്ടറിയായ ഹനീഷിനെ കഴിഞ്ഞ മെയില്‍ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ പക്ഷേ ടി.ഒ.സൂരജിന്റെ ആരോപണങ്ങള്‍ മുഹമ്മദ് ഹനീഷ് തള്ളി. മുന്‍കൂര്‍ തുക ആവശ്യപ്പെട്ടുളള കമ്പനിയുടെ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തത്. ഒരു വിധത്തിലും കമ്പനിക്കായി താന്‍ ശുപാര്‍ശ നടത്തിയിട്ടില്ലെന്നും ഹനീഷ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
അതേസമയം റിമാന്‍ഡിലുള്ള മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സ് നല്കിയ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. ഇബ്രാഹീംകുഞ്ഞ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്
പാലാരിവട്ടംപാലം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് അദ്ദേഹം. കുറ്റകരമായ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, അനധികൃത സ്വത്ത് സമ്പാദനം നടത്തി, തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
ഇന്നലെ അറസ്റ്റ് ചെയ്ത അദ്ദേഹത്തെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതിനൊപ്പം തന്നെ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി നടപടികള്‍ വൈകിയതിനാല്‍ ജാമ്യാപേക്ഷയിലെ തുടര്‍ നടപടികളുണ്ടായില്ല. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. ആരോഗ്യസ്ഥിതിയും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇതോടൊപ്പം നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് വിജിലന്‍സ് നല്കിയ അപേക്ഷയും കോടതിയുടെ പരിഗണനയ്ക്കെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."