ഏഴാംമൈല്‍-പൂടങ്കല്ല് മെക്കാഡം ടാറിങ് മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഏഴാംമൈല്‍ മുതല്‍ പൂടങ്കല്ല് വരെയുള്ള മെക്കാഡം ടാറിങ് മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. ഒന്‍പതു കിലോമീറ്റര്‍ റോഡാണ് പൂര്‍ത്തിയാക്കുന്നത്. റോഡ് പണിക്കു തടസം നില്ക്കുന്ന 234 മരത്തില്‍ അടിയന്തിരമായി മുറിച്ചു മാറ്റേണ്ട 108 മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റും. ഇതിനായി ബന്ധപ്പെട്ടവര്‍ സോഷ്യല്‍ ഫോറസ്റ്റിക്ക് കത്തുനല്‍കി അനുമതി വാങ്ങി അടുത്ത ആഴ്ച തന്നെ മരം മുറി ആരംഭിക്കും.
വൈദ്യുതിതൂണുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിക്ക് അടക്കേണ്ട 24 ലക്ഷം രൂപയില്‍ നാലുലക്ഷം രൂപ മാത്രമാണ് അടച്ചത്. ബാക്കി തുകയും ഉടന്‍ തന്നെ അടച്ച് ഒരു മാസത്തിനകം റോഡ് പണിക്ക് തടസം നില്ക്കുന്ന മുഴുവന്‍ വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കുന്ന ജോലിയും നടത്തും.
നവംബര്‍ 30നു മുമ്പായി കള്‍വര്‍ട്ട് ഉള്‍പ്പെടെയുള്ള കോണ്‍ക്രീറ്റ് പണികള്‍ തീര്‍ക്കാമെന്ന് കരാറുകാരന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഒടയംചാല്‍, ചുള്ളിക്കര എന്നിവിടങ്ങളില്‍ ഡിവൈഡര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചു പരിശോധന നടത്തി തീരുമാനം എടുക്കും. ഏഴുമീറ്റര്‍ വീതിയിലാണ് ടാറിങ് ചെയ്യുന്നത്. ടാറിങിന്റെ ഭാഗമായി ബിറ്റു മിക്സ് ഒന്നാം ഘട്ടം പണിയാണ് നേരത്തെ പൂര്‍ത്തീകരിച്ചത്. ബിറ്റുമിക്സ് ടാറിങ് നടത്തിയതിനുശേഷം ബിറ്റു മിക്സ് കോണ്‍ക്രീറ്റ് പണി ആരംഭിക്കും. 15 കോടി രൂപയാണ് മെക്കാഡം ടാറിങിനായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന പാതയില്‍ ബാക്കി വരുന്ന പൂടംകല്ല് മുതല്‍ ചെറംകടവ് വരെ ഉള്ള ഭാഗത്ത് മെക്കാഡം ടാര്‍ ചെയ്യുന്നതിന് അനുവദിച്ച 35 കോടി രൂപയുടെ പദ്ധതി മെയില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."